അനര്‍ഹമായ കാര്‍ഡുകള്‍ ജൂണ്‍ 30നകം തിരികെ നല്‍കണം

0

പിടി വീണാല്‍ റേഷന്‍ കാര്‍ഡ് റദ്ദ് ചെയ്യും

അനര്‍ഹമായി കൈവശം വെച്ചിരിക്കുന്ന എഎവൈ മുന്‍ഗണനാ വിഭാഗത്തിലെ റേഷന്‍ കാര്‍ഡുകള്‍ ജൂണ്‍ 30നകം പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് തൃശൂർ ജില്ലാ സപ്ലൈ ഓഫീസര്‍ ടി അയ്യപ്പദാസ് അറിയിച്ചു. ഇവര്‍ ജൂണ്‍ 30നകം അതത് താലൂക്ക് സപ്ലൈ ഓഫീസര്‍ മുമ്പാകെ കാര്‍ഡുകള്‍ ഹാജരാക്കി പൊതു വിഭാഗത്തിലേക്ക് മാറ്റണം.

സംസ്ഥാന- കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍, സര്‍വീസ് പെന്‍ഷന്‍കാര്‍, ആദായ നികുതി നല്‍കുന്നവര്‍ എന്നിങ്ങനെ പ്രവാസികളടക്കം കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ അംഗങ്ങള്‍ക്കും കൂടി പ്രതിമാസ ഇരുപത്തയ്യായിരം രൂപയോ അതിലധികമോ വരുമാനമുണ്ടെങ്കില്‍ കാർഡുകൾ മാറ്റേണ്ടതാണ്. അല്ലെങ്കില്‍ ഒരേക്കറിലധികം ഭൂമി കൈവശമുള്ളവര്‍, ആയിരം ചതുരശ്ര അടിക്ക് മുകളിലുള്ള വീടോ ഫ്ളാറ്റോ സ്വന്തമായി ഉള്ളവര്‍, ഏക ഉപജീവനമാര്‍ഗ്ഗമായ ടാക്സി ഒഴികെ സ്വന്തമായി നാലുചക്രവാഹനം ഉള്ളവർക്കും ഈ നിബന്ധന ബാധകമാണ്.

തുടര്‍ന്നുള്ള പരിശോധനയില്‍ അനര്‍ഹമായ വ്യക്തികളില്‍ നിന്ന് മുന്‍ഗണനാ കാര്‍ഡുകള്‍ കണ്ടെത്തിയാല്‍ ദേശീയ ഭക്ഷ്യഭദ്രതാ നിയമപ്രകാരം കര്‍ശനമായ നടപടികള്‍ സ്വീകരിക്കും. അനര്‍ഹമായി 2016 നവംബര്‍ മുതല്‍ ഇതുവരെ കൈപ്പറ്റിയ റേഷന്‍ സാധനങ്ങളുടെ അധികവില പിഴയീടാക്കുന്നതാണ്. പിഴ അടയ്ക്കാത്ത പക്ഷം റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിക്കും.

റേഷന്‍ കാര്‍ഡ് സ്ഥിരമായി റദ്ദ് ചെയ്യും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ, ബാങ്കിങ് മേഖലയില്‍ ജോലി ചെയ്യുന്നവര്‍, സര്‍വീസ് പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവര്‍ മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ വകുപ്പുതല നടപടികള്‍ക്കും ശുപാര്‍ശ ചെയ്യും. ഇത്തരം കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും അറിയിപ്പ് നല്‍കാം.