കൊവിഡ് രണ്ടാം തരംഗത്തില്‍ കുടുങ്ങിപ്പോയ രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍മൈക്കോസിസ്) കേസുകള്‍ വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്നാഴ്ചക്കിടെ ബ്ലാക്ക് ഫംഗസ് കേസുകളില്‍ 150 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതുവരെ 31,216 പേര്‍ക്ക് രോഗവും ബാധിച്ചു. ഇതില്‍ 2109 പേര്‍ മരിക്കുകയും ചെയ്തു. രോഗികള്‍ കൂടിയതിനെ തുടര്‍ന്ന് ബ്ലാക്ക് ഫംഗസ് ചികിത്സക്ക് പ്രധാനമായും ഉപയോഗിക്കുന്ന ആംഫോടെറിസിന്‍-ബി മരുന്നിന് കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്.
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് രോഗികള്‍ ഉള്ളത്. 7057 പേര്‍ക്ക് രോഗം ബാധിക്കുകയും 609 പേര്‍ മരിക്കുകയും ചെയ്തു. ഗുജറാത്തില്‍ 5418 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 323 പേര്‍ മരണപ്പെട്ടു.2976 രോഗികളുമായി രാജസ്ഥാനാണ് മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. 188 പേര്‍ മരിച്ച കര്‍ണാടകയാണ് മരണസംഖ്യയില്‍ മൂന്നാമത് നില്‍ക്കുന്നത്. മേയ് 25ന് മഹാരാഷ്ട്രയില്‍ 2770 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചപ്പോള്‍ ഗുജറാത്തില്‍ അതേ ദിവസം 2859 പേര്‍ക്കാണ് രോഗം ബാധിച്ചത്.
അതിസമയം ഉത്തര്‍പ്രദേശില്‍ ഇതുവരെയായി 1744 പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. 142 പേര്‍ മരിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ 1200 പേര്‍ക്കാണ് രോഗം ബാധിച്ചത്. 125 പേരാണ് അവിടെ മരണപ്പെട്ടത്. ബ്ലാക്ക് ഫംഗസ് ബാധ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ ബ്ലാക്ക് ഫംഗസ് സംശയിക്കുന്ന എല്ലാ കേസുകളും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ റിപ്പോര്‍ട്ട് ചെയ്യണം.