HomeKeralaമെഡിക്കല്‍ കോളേജ് പ്രോട്ടോക്കോള്‍ ലംഘനത്തെ കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് തേടി ആരോഗ്യ മന്ത്രി

മെഡിക്കല്‍ കോളേജ് പ്രോട്ടോക്കോള്‍ ലംഘനത്തെ കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് തേടി ആരോഗ്യ മന്ത്രി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് ഇന്റര്‍വ്യൂ നടത്തിയത് തെറ്റായ നടപടിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു. ഇക്കാര്യത്തില്‍ ഉണ്ടായ വീഴ്ച ഉള്‍പ്പടെയുള്ള കാര്യങ്ങളെക്കുറിച്ച് പരിശോധിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളേജിന്റെ അടിയന്തര യോഗത്തിലാണ് ഇതിനെ സംബന്ധിച്ച നിര്‍ദ്ദേശം മന്ത്രി നല്‍കിയത്.

മരുന്നുകളുടേയും ഗ്ലൗസ് ഉള്‍പ്പടെയുള്ള അവശ്യ സാധനങ്ങളുടേയും മെഡിക്കല്‍ കോളേജിലെ ലഭ്യത സംബന്ധിച്ച് മന്ത്രി വിശദീകരണം തേടി. മെഡിക്കല്‍ കോളേജില്‍ തുടര്‍ന്നുപോന്ന രീതിയില്‍ നിന്നും മാറി കൊവിഡ് കാലത്ത് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന കണക്കിലെടുത്ത് ഗ്ലൗസ് ഉള്‍പ്പടെയുള്ള അവശ്യ സാധനങ്ങള്‍ വാങ്ങണമെന്ന് മന്ത്രി കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് കൊവിഡ് ചികിത്സ സൗജന്യമാണ്.അതിനാല്‍ തന്നെ എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ ചികിത്സ ഉറപ്പാക്കാണം. നിശ്ചിത മരുന്ന് ആശുപത്രിയില്‍ ലഭ്യമല്ലെങ്കില്‍ ബദല്‍ മാര്‍ഗം ലഭ്യമാക്കണം. ലോക്കല്‍ പര്‍ച്ചേസ് ചെയ്‌തെങ്കിലും മരുന്ന് ലഭ്യമാക്കേണ്ടതാണ്.

മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരാണ്. എങ്കില്‍ കൂടി ചെറിയ വീഴ്ച പോലും ഉണ്ടാകരുത്. അതിനാല്‍ വളരെയേറെ ശ്രദ്ധിക്കണം. ഇതിന്റെ വെളിച്ചത്തില്‍ കൊവിഡിന്റെ മൂന്നാം തരംഗം മുന്‍കൂട്ടി കണ്ട് മുന്നൊരുക്കങ്ങള്‍ നടത്തണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി.

Most Popular

Recent Comments