ഡൊമിനിക്കയിലേക്ക് തന്നെ റാഞ്ചി കൊണ്ട് പോയതാണെന്ന ബാങ്ക് വായ്പ തട്ടിപ്പ് കേസ് പ്രതി മെഹുല്‍ ചോക്‌സിയുടെ പരാതിയില്‍ ആന്റിഗ്വ സര്‍ക്കാര്‍ അന്വേഷണം തുടങ്ങി. തട്ടിക്കൊണ്ട് പോയവരുടെ പേരുകള്‍ ചോക്‌സിയുടെ അഭിഭാഷകര്‍ കൈമാറിയതായും പരാതി സത്യമാണെങ്കില്‍ വിഷയം വളരെ ഗൗരവമുള്ളതാണെന്നും ആന്റിഗ്വന്‍ പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണ്‍ വ്യക്തമാക്കി.
ആന്റിഗ്വയിലെ ജോളി ഹാര്‍ബറില്‍ കാമുകിയുമായി കറങ്ങാന്‍ പോയപ്പോഴാണ് പിടികൂടിയതെന്ന് ആന്റിഗ്വന്‍ പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ കാമുകിയുമായി വന്നത് തട്ടിക്കൊണ്ടു പോകാന്‍ നിയോഗിക്കപ്പെട്ട സംഘത്തിലെ അംഗമായിരുന്നു എന്നാണ് ചോക്‌സി ഇപ്പോള്‍ ആരോപിക്കുന്നത്.
സഹോദരി പുത്രന്‍ നീരവ് മോദിയുമായി ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ് വജ്രവ്യാപാരി കൂടിയായ ചോക്‌സി. 2018 മുതലാണ് ചോക്‌സി ആന്റിഗ്വയില്‍ താമസമാക്കുന്നത്.
ഡൊമിനിക്കന്‍ കോടതിയില്‍ നിന്ന് ചോക്‌സിയെ വിട്ടുകിട്ടണമെന്ന ഹര്‍ജിയില്‍ അനുകൂല വിധി ലഭിച്ചാല്‍ ഇന്ത്യയില്‍ എത്തിക്കാന്‍ സിബിഐ, ഇഡി സംഘം കഴിഞ്ഞയാഴ്ച പ്രത്യേക വിമാനത്തില്‍ പോയിരുന്നു. എന്നാല്‍ കേസ് ഡൊമിനിക്കന്‍ ഹൈക്കോടതി ഒരു മാസത്തേക്ക് നീട്ടിവെക്കുകയാണുണ്ടായത്. ഇപ്പോള്‍ ഡൊമിനിക്കയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് ചോക്‌സി.