മൊബൈല്‍ ആര്‍ടിപിസിആര്‍ മൂന്ന് മാസത്തേക്ക് കൂടി

0

സംസ്ഥാനത്ത് കൊവിഡ് പരിശോധന വര്‍ധിപ്പിക്കാനായി ഒരുക്കിയ മൊബൈല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റ് ലാബുകള്‍ അടുത്ത മൂന്ന് മാസം കൂടി തുടരാന്‍ ഉത്തരവായതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ 10 മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകളാണ് സജ്ജമാക്കിയത്. കൊവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തിലും മൂന്നാം തരംഗത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുമാണ് ഈ മൊബൈല്‍ ടെസ്റ്റ് ലാബുകള്‍ 3 മാസം കൂടി നീട്ടിയതെന്ന് മന്ത്രി അറിയിച്ചു

നാല് മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ കൂടി തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. അവയുടെ എന്‍എബിഎല്‍ ഓഡിറ്റ് നടന്നുവരികയാണ്. ഈ മാസം 15ന് ഇവയും പ്രവര്‍ത്തനമാരംഭിക്കും. ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ നടത്താനായി 26 സര്‍ക്കാര്‍ ലാബുകള്‍ ഉണ്ടെങ്കിലും ഉയര്‍ന്നു വരുന്ന കൊവിഡ് കേസുകളുടെ എണ്ണം കണക്കിലെടുത്ത് പ്രതിദിന ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനായി ലക്ഷ്യമിട്ടിട്ടുള്ളതായിരുന്നു ഈ മൊബൈല്‍ ലാബുകള്‍. കെഎംഎസ് സി എല്‍ ആണ് ഈ പദ്ധതിയുടെ നടത്തിപ്പുകാര്‍. സാമ്പിള്‍ കളക്ട് ചെയ്ത് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി റിസള്‍ട്ട് നല്‍കുന്നതിന് 448.20 രൂപയാണ് ഈടാക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ഓരോ മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ക്കും പ്രതിദിനം 2000 ടെസ്റ്റുകള്‍ വരെ നടത്താനുള്ള സജ്ജീകരണങ്ങളുമുണ്ട്. ഓരോ ലാബും അതാത് ജില്ലയിലെ ജില്ല സര്‍വയലന്‍സ് ഓഫീസറുടെ (ഡിഎസ്ഒ) നിയന്ത്രണത്തിലാണ്. ഡിഎസ്ഒ നല്‍കുന്ന നിര്‍ദ്ദേശത്തിനനുസരിച്ച് ജില്ലയിലെ നിശ്ചിത സ്ഥലങ്ങളില്‍ ഈ മൊബൈല്‍ ലാബുകള്‍ പ്രവര്‍ത്തിപ്പിച്ച് വരുന്നു. ഇതുവരെ 6,02,063 ടെസ്റ്റുകള്‍ ഈ മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ വഴി നടത്തിയിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.