ഡല്‍ഹി-കേന്ദ്രസര്‍ക്കാരുകള്‍ തമ്മില്‍ വീണ്ടും തര്‍ക്കം

0

ഡല്‍ഹി-കേന്ദ്ര സര്‍ക്കാരുകള്‍ തമ്മില്‍ വീണ്ടും തര്‍ക്കങ്ങള്‍ ആരംഭിച്ചു. വീട്ടു പടിക്കല്‍ റേഷന്‍ എത്തിക്കുന്ന ഡല്‍ഹി സര്‍ക്കാരിന്റെ പദ്ധതി കേന്ദ്രം തടഞ്ഞതോട് കൂടിയാണ് തര്‍ക്കം വീണ്ടും ആരംഭിച്ചത്. കേന്ദ്രാനുമതിയില്ലാതെ പദ്ധതി നടപ്പാക്കുന്നെന്നാരോപിച്ചാണ് നടപടി.

മാര്‍ച്ച് 25ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ച വീട്ടുപടിക്കല്‍ റേഷന്‍ എന്ന പദ്ധതിയാണ് കേന്ദ്രം തടഞ്ഞത്. 72 ലക്ഷത്തോളം ജനങ്ങള്‍ക്ക് അരിയും ഗോതമ്പു പൊടിയും വീട്ടില്‍ വിതരണം ചെയ്യുന്ന പദ്ധതി ഈ ആഴ്ച ആരംഭിക്കാന്‍ ഇരിക്കെയാണ് കേന്ദ്രത്തിന്റെ കൈകടത്തല്‍ ഉണ്ടായിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി നേടിയിട്ടില്ലെന്ന് ആരോപിച്ചായിരുന്നു ഇടപെടല്‍ നടത്തിയത്. റേഷന്‍ മാഫിയക്ക് വേണ്ടിയാണ് പദ്ധതി തടഞ്ഞതെന്ന് ആം ആദ്മി പാര്‍ട്ടി കുറ്റപ്പെടുത്തി.

ഭക്ഷ്യ സുരക്ഷ നിയമമനുസരിച്ച് ഡല്‍ഹിക്ക് നല്‍കുന്ന ഭക്ഷ്യ ധാന്യങ്ങള്‍ വീട്ട് പടിക്കല്‍ റേഷന്‍ പദ്ധതിക്കായി ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം നേരത്തെ വ്യക്തമാക്കിയത്. മുമ്പ് 2018ല്‍ ഇതേ പദ്ധതി സര്‍ക്കാര്‍ നടപ്പാക്കാന്‍ ഒരുങ്ങിയപ്പോള്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഇടപെട്ട് തടഞ്ഞിരുന്നു.