HomeKeralaസാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ഏകീകൃത നിയമം നടപ്പിലാക്കാന്‍ കേരളം

സാംക്രമിക രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ഏകീകൃത നിയമം നടപ്പിലാക്കാന്‍ കേരളം

സാംക്രമിക രോഗ ബില്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി. കേന്ദ്ര നിയമത്തിലെ ശിക്ഷ നടപടികളുമായി വ്യത്യാസമുണ്ടെങ്കില്‍ പിന്നീട് നിയമ ഭേദഗതി കൊണ്ടുവരാമെന്ന് സര്‍ക്കാരിന് സ്പീക്കര്‍ റൂളിംഗ് നല്‍കി. സാംക്രമിക രോഗം തടയാനുള്ള സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചാല്‍ 2 വര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് നിയമം.

കൊവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമാണ് ബില്‍. നിയമസഭ പാസാക്കിയ ബില്ലിലെ പ്രധാന വ്യവസ്ഥകള്‍ ഇങ്ങനെയാണ്. സാംക്രമിക രോഗം പൊട്ടിപ്പുറപ്പെട്ടാലോ ഭീഷണിയുണ്ടെങ്കിലോ സര്‍ക്കാരിന് നടപടി എടുക്കാം. അത്തരം ഘട്ടത്തില്‍ ആഘോഷങ്ങളും ആരാധനകളും നിരോധിക്കുക, വ്യക്തികളെ ക്വാറന്റീന്‍ ചെയ്യുക, സംസ്ഥാന അതിര്‍ത്തികള്‍ അടക്കുക, ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുക, തുടങ്ങിയവക്ക് സര്‍ക്കാരിന് അധികാരം നല്‍കുന്നു.

കേന്ദ്ര ബില്‍ നിലവിലുണ്ടെന്നും ശിക്ഷ വ്യത്യസ്തമാണെന്നും പ്രതിപക്ഷം വാദിച്ചു. നിയമം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന നിലപാടിലായിരുന്നു ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ചര്‍ച്ചക്കിടെ ആശുപത്രികളിലെ വെന്റിലേറ്ററുകളുടെ അപര്യാപ്തത കെ ബാബു ഉന്നയിച്ചു. മന്ത്രി വീണ ജോര്‍ജ് കെ ബാബുവിന്റെ ആരോപണം തള്ളി.

പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ അംഗങ്ങള്‍ക്ക് ബില്‍ ചര്‍ച്ചയേയും നടപടി ക്രമങ്ങളേയും കുറിച്ച് അവബോധം നല്‍കുന്നതായി സാംക്രമിക രോഗ ബില്‍ ചര്‍ച്ച. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നും പൊതുജനാഭിപ്രായത്തിന് വിടണമെന്നുമുളള ഭേദഗതികള്‍ സഭ തള്ളുകയാണ് ചെയ്തത്.

Most Popular

Recent Comments