വ്യക്തിപരമായി തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: സികെ ജാനു

0

ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി ട്രഷറര്‍ പ്രസീത അഴീക്കോടിന്റെ ആരോപണത്തിനെതിരെ മറുപടിയുമായി സികെ ജാനു. തന്നെ വ്യക്തിപരമായി തകര്‍ക്കാന്‍ ഉള്ള ശ്രമമാണ് നടക്കുന്നതെന്ന് ജാനു പറഞ്ഞു. മാര്‍ച്ച് 6നും 7നും തിരുവനന്തപുരത്ത് പോയത് അമിത് ഷായുടെ പരിപാടിയില്‍ പങ്കെടുക്കാനാണ്. മനഃപൂര്‍വ്വം ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആരോപണങ്ങളെല്ലാം ഉയരുന്നത്.

കെ സുരേന്ദ്രനെ മാര്‍ച്ച് 27ന് കണ്ടിട്ടുണ്ട്. എന്നാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിട്ടില്ല. തെളിവുകള്‍ ഉണ്ടെങ്കില്‍ കോടതിയില്‍ നല്‍കി തെളിയിക്കട്ടെയെന്നും ജാനു ആരോപിച്ചു. ആരോപണങ്ങളെ നിയമപരമായി തന്നെ നേരിടാനാണ് ഉദ്ദേശിക്കുന്നതെന്നും ജാനു കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഒരു എഡിറ്റിംഗും ശബ്ദരേഖയുടെ കാര്യത്തില്‍ നടന്നിട്ടില്ലെന്ന് പ്രസീത മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. സികെ ജാനു കേസ് കൊടുക്കുമെന്ന് പറഞ്ഞു. സുരേന്ദ്രനും കേസ് കൊടുക്കണം. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും കുറ്റക്കാരിയാണെന്ന് തെളിഞ്ഞാല്‍ ഏത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്നും പ്രസീത വ്യക്തമാക്കി. സികെ ജാനുവിന്റെ വയനാട്ടിലെ ഇടപാടുകള്‍ പരിശോധിച്ചാല്‍ പണം ചെലവഴിച്ച കാര്യം തെളിയുമെന്നും പ്രസീത അഴീക്കോട് വെളിപ്പെടുത്തി. കെ സുരേന്ദ്രന്റെ വിശദീകരണം അവര്‍ തള്ളുകയാണ് ചെയ്തത്. പണം ലഭിച്ചതായി ജാനു സമ്മതിച്ചിട്ടുണ്ട്. മാര്‍ച്ച് 7ന് തിരുവനന്തപുരം ഹൊറൈസണ്‍ ഹോട്ടലില്‍ വെച്ചാണ് പണം കൈമാറിയത്. രണ്ട് തവണ അന്ന് സുരേന്ദ്രന്‍ ഹോട്ടലില്‍ എത്തിയതിന് തെളിവുകള്‍ ഉണ്ട്.