HomeKeralaനിയമസഭയെ രാഷ്ട്രീയ മുതലെടുപ്പിന് കരുവാക്കുന്നു: കെ സുരേന്ദ്രൻ

നിയമസഭയെ രാഷ്ട്രീയ മുതലെടുപ്പിന് കരുവാക്കുന്നു: കെ സുരേന്ദ്രൻ

ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ പ്രമേയം പാസ്സാക്കിയ കേരള നിയമസഭയുടെ നടപടി പരിഹാസ്യമാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. പരിപാവനമായി കരുതേണ്ട നിയമസഭയെ തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താല്പര്യത്തിനായി എൽ.ഡി.എഫും യു.ഡി.എഫും ദുരുപയോഗിക്കുകയാണ്.

കേരളത്തിലെ ജനങ്ങളിൽ രാജ്യവിരുദ്ധ മനോഭാവം വളർത്തിയെടുക്കാനുള്ള ഗൂഡമായ ശ്രമമാണിതിന് പിറകിൽ. ഒരു കേന്ദ്രഭരണ പ്രദേശത്തിൻ്റെ ഭരണ സംവിധാനത്തെ തന്നെ വിമർശിച്ച് കേരള നിയമസഭ പ്രമേയം പാസ്സാക്കുന്നത് അപക്വമായ നടപടിയാണ്. ഇത് ഫെഡറൽ നയത്തിനെതിരാണ്. ഇന്ത്യയെ രണ്ടായല്ല  പല രാജ്യങ്ങളായി വിഭജിക്കണമെന്നു പറഞ്ഞ അവിഭക്ത കമ്യൂണിസ്റ്റ് രക്തമാണ് ഇപ്പോഴും എൽ.ഡി.എഫുകാരിലുള്ളത്. ഇതിനെ  കോൺഗ്രസ് അനുകൂലിക്കുകയാണ്.

ലക്ഷദ്വീപിനെ കശ്മീരുമായി ഉപമിക്കുന്ന കുഞ്ഞാലിക്കുട്ടി ദ്വീപിലെ സംഭവങ്ങളെ വർഗീയമായി ചിത്രീകരിക്കാനുള്ള ആസൂത്രിതമായ ശ്രമാണ് നടത്തുന്നത്.  കാശ്മീരിൽ നിന്ന് ന്യൂനപക്ഷങ്ങളായ ഹിന്ദുപണ്ഡിറ്റുകളെ എൺപതുകളുടെ അവസാനത്തിൽ ആട്ടിയോടിച്ച തീവ്രവാദികളുടെ നടപടിയെയും കുഞ്ഞാലിക്കുട്ടി പരസ്യമായി അനുകൂലിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം.

തീരദേശ പരിപാലന നിയമം അട്ടിമറിച്ച് വൻകിടക്കാർക്ക് കെട്ടിട നിർമ്മാണം നടത്താൻ അനുകൂലിക്കുന്നവർ ലക്ഷദ്വീപിലെ ചിലരുടെ വാണിജ്യ താല്പര്യത്തെ അനുകൂലിക്കുന്നതിൽ അത്ഭുതമില്ല. ലക്ഷദ്വീപിനെ ടിബറ്റിനോടും ഇന്ത്യയെ ചൈനയോടും ഉപമിക്കുന്ന ഒരു കോൺഗ്രസുകാരൻ രാഷ്ട്രവിരുദ്ധ പ്രസ്താവന നടത്താനുള്ള വേദിയായി നിയമസഭയെ ഉപയോഗിച്ചിരിക്കുകയാണ്.

പതിറ്റാണ്ടുകളായി  മതിയായ വികസനമെത്താത്ത ലക്ഷദ്വീപ് പ്രദേശത്ത് വികസനം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമിക്കുമ്പോൾ അതിനെ അട്ടിമറിക്കാനാണ് ചിലർ ശ്രമിക്കുന്നത്. ലക്ഷദ്വീപിലെ ജനത ഇത് തിരിച്ചറിയും. നേതാക്കന്മാർക്കും കുടുംബങ്ങൾക്കും സർക്കാർ ചെലവിൽ ഉല്ലസിക്കാനുള്ള സ്ഥലം മാത്രമായി ലക്ഷദ്വീപ് നിലനിൽക്കണമോ അതോ ലോകശ്രദ്ധ ആകർഷിക്കുന്ന സ്ഥലമായ ലക്ഷദ്വീപിനെ വികസിപ്പിക്കണമോ എന്നതാണ് ഇപ്പോഴത്തെ യഥാർത്ഥ പ്രശ്നമെന്നും സുരേന്ദ്രൻ പറഞ്ഞു.ലക്ഷദ്വീപിലെ ജനതയ്ക്ക് ന്യായമായ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ കേന്ദ്രസർക്കാരിനെയോ അതുമല്ലെങ്കിൽ കോടതിയെയോ സമീപിക്കുകയാണ് വേണ്ടതെന്നും സുരേന്ദ്രൻ പറ‌ഞ്ഞു.

Most Popular

Recent Comments