HomeKeralaവാക്‌സിന്‍ ലഭ്യമാക്കാന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി പിണറായി വിജയന്‍

വാക്‌സിന്‍ ലഭ്യമാക്കാന്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി പിണറായി വിജയന്‍

വാക്‌സിന്‍ പ്രശ്‌നം പരിഹരിക്കാനായി ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ വാക്‌സിന്‍ പൂര്‍ണമായി കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്ന ആവശ്യം സംസ്ഥാനങ്ങള്‍ സംയുക്തമായി മുന്നോട്ട് വെക്കണം എന്ന അഭ്യര്‍ത്ഥനയോട് കൂടി ബിജെപി ഇതര മുഖ്യമന്ത്രിമാര്‍ക്കാണ് പിണറായി വിജയന്‍ കത്തയച്ചത്.

തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ്, ഒഡീഷ, പശ്ചിമബംഗാള്‍, ഢാര്‍ഖണ്ഡ്, ഡെല്‍ഹി, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് കത്തയച്ചത്.

സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുന്ന ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകുന്ന കേന്ദ്ര സമീപനം ദൗര്‍ഭാഗ്യകരമാണെന്നും മൂന്നാം തരംഗത്തിന് സാധ്യത കാണുന്നതിനാല്‍ രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും അതിന് വാക്‌സിന്‍ സാര്‍വ്വത്രികമാക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നു.

പണം ഇല്ലാത്തതിന്റെ പേരില്‍ വാക്‌സിന്‍ നിഷേധിക്കരുതെന്നും സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ അത്രയും വാക്‌സിന്‍ കേന്ദ്രം നേരിട്ട് സംഭരിച്ച് സൗജന്യമായി വിതരണം ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. വാക്‌സിന്‍ സംഭരിക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാനങ്ങളുടെ മേല്‍ വീണാല്‍, സംസ്ഥാനങ്ങളുടെ സാമ്പത്തിക നില ബുദ്ധിമുട്ടിലാകുമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Most Popular

Recent Comments