സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളും ആനുകൂല്യങ്ങളും 80:20 അനുപാതത്തില്‍ വിതരണം ചെയ്യുന്നത് അനുവദിച്ചുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയതിനെ സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുര്യന്‍. ബിജെപി നിലപാടിനുള്ള അംഗീകാരം കൂടിയാണീ ഉത്തരവെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
വിവിധ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യാനുപാതികമായി ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്നതായിരുന്നു ബിജെപി നിലപാട്. ഇപ്പോള്‍ ഹൈക്കോടതിയും അതംഗീകരിച്ചിരിക്കുകയാണ്. 80 ശതമാനം മുസ്‌ലിം വിഭാഗത്തിനും 20ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും എന്നതായിരുന്നു 2015ല്‍ സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ്. ഒട്ടും നീതീകരിക്കാവുന്ന നിലപാടായിരുന്നില്ല ഇത്. ന്യൂനപക്ഷ ക്ഷേമത്തിനായുള്ള സഹായങ്ങളും പദ്ധതികളും ചിലര്‍മാത്രം കൈക്കലാക്കുകയാണെന്ന ആക്ഷേപവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതി വിധി ഏറെ പ്രസക്തമാണ്.
പൊതുപദ്ധതികളില്‍ 80 ശതമാനം വിഹിതം മുസ്‌ലിം സമുദായത്തിനും ബാക്കി 20 ശതമാനമാണ് മറ്റ് വിഭാഗങ്ങൾക്കായി മാറ്റിവെച്ചിരുന്നത്. ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാര്‍സി എന്നിവയാണ് മറ്റ് 5 ന്യൂനപക്ഷ വിഭാഗങ്ങള്‍. ഹൈക്കോടതി വിധിയിലൂടെ സര്‍ക്കാരിൻ്റെ ചിലരോടുള്ള വിവേചനനയത്തിന് തിരിച്ചടിയുണ്ടായെന്നും അദ്ദേഹം പറഞ്ഞു.