HomeKeralaജനനന്മക്ക് വേണ്ടിയാണ് ഭരണപരിഷ്‌കാരങ്ങൾ: ലക്ഷദ്വീപ് കലക്ടര്‍

ജനനന്മക്ക് വേണ്ടിയാണ് ഭരണപരിഷ്‌കാരങ്ങൾ: ലക്ഷദ്വീപ് കലക്ടര്‍

ലക്ഷദ്വീപില്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുന്ന ഭരണ പരിഷ്‌കാരങ്ങള്‍ ദ്വീപ് നിവാസികളുടെ നന്മക്കാണെന്ന് കലക്ടര്‍ എസ് അസ്‌കര്‍ അലി. ദ്വീപ് ജനതയുടെ ഭാവി സുരക്ഷിതമാക്കാനുള്ള നടപടികളാണ് ഏര്‍പ്പെടുത്തുന്നത്. മറിച്ച് കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം തന്നെ വ്യാജമാണ്. എറണാകുളം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.

മദ്യ വില്പന ലൈസന്‍സ് വിനോദസഞ്ചാര മേഖലക്ക് വേണ്ടി മാത്രമാണ്. ടൂറിസം രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം. ദ്വീപില്‍ മയക്കമരുന്നും കുറ്റകൃത്യങ്ങളും വര്‍ധിക്കുന്നു. ഇത് തടയാന്‍ വേണ്ടിയാണ് ഗുണ്ടാനിയമം കൊണ്ടുവന്നത്. കൊവിഡ് വാക്‌സിനേഷന്‍ നടപടികള്‍ ത്വരിതഗതിയില്‍ നടക്കുകയാണ്. മുന്‍നിര പോരാളികള്‍ക്ക് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. 6 ദ്വീപുകളിലും വാക്‌സിനേഷന്‍ ഉടന്‍ പൂര്‍ത്തീകരിക്കും.

ദ്വീപില്‍ നടക്കുന്നത് വികസന പ്രവര്‍ത്തനങ്ങളാണ്. ദ്വീപില്‍ മികച്ച ഇൻ്റര്‍നെറ്റും മികച്ച ആരോഗ്യ സംവിധാനങ്ങളും ഉറപ്പാക്കും. പുതിയ ആശുപത്രികള്‍ സ്ഥാപിക്കും. സ്ത്രീകള്‍ക്ക് വേണ്ടി സ്വാശ്രയ സംഘം ആരംഭിച്ചു. അനധികൃത കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചിരിക്കുന്നത്. ദ്വീപില്‍ ഓക്‌സിജന്‍ പ്ലാൻ്റും മാതൃക മത്സ്യഗ്രാമവും സ്ഥാപിക്കും. എതിര്‍പ്പുയര്‍ത്തുന്നത് സ്ഥാപിത താത്പര്യക്കാർ മാത്രമാണെന്നും കലക്ടർ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തിനെത്തിയ കലക്ടര്‍ക്കെതിരെ പ്രതിഷേധം നടന്നു. ഇടത് യുവജന സംഘടനകളായ എഐവൈഎഫ്, ഡിവൈഎഫ്‌ഐ എന്നിവരാണ് പ്രതിഷേധിച്ചത്.  ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കലക്ടറുടെ കാറിനു മുന്നിലേക്ക് ചാടി കരിങ്കൊടി കാണിച്ചു.

Most Popular

Recent Comments