ബംഗാള്‍ ഉള്‍ക്കടലില്‍ യാസ് ചുഴലിക്കാറ്റ് രൂപംകൊണ്ടു

0

ബംഗാള്‍ ഉള്‍ക്കടലില്‍ യാസ് ചുഴലിക്കാറ്റ് രൂപപ്പെട്ടുവെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചു. വടക്കന്‍ ഒഡീഷ പശ്ചിമ ബംഗാള്‍ തീരം വഴി ചുഴലിക്കാറ്റ് ബുധനാഴ്ച കര തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കബറില്‍ 90 കിലോമീറ്റര്‍ വേഗതയിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ചുഴലിക്കാറ്റിന്റെ സാന്നിധ്യത്താല്‍ കേരളത്തിലെ മധ്യ-തെക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ട്. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

യാസ് ചുഴലിക്കാറ്റ് രൂപം കൊണ്ടതോടെ ഒഡീഷ, പശ്ചിമ ബംഗാള്‍, അന്‍ഡമാന്‍ നിക്കോബാര്‍ തീരത്ത് കനത്ത മഴയാണ് പെയ്യുന്നത്. ജാര്‍ഖണ്ഡ്, ബിഹാര്‍, അസം എന്നിവിടങ്ങളിലും മഴ ലഭിക്കും. ചുഴലിക്കാറ്റിന് മുന്നോടിയായി കിഴക്കന്‍ തീരത്തുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രത നിര്‍ദ്ദേശം നല്‍കി. ചുഴലിക്കാറ്ര് തീരം തൊടുന്ന ഇടങ്ങളിലേക്ക് സൈന്യം കൂടുതല്‍ സംഘത്തെ വിന്യസിച്ചു. ദുരന്തനിവാരണ സേനയുടെ 75 സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്. നാവിക സേനയുടെ 4 കപ്പലുകളോട് രക്ഷപ്രവര്‍ത്തനത്തിനായി തയ്യാറായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തിലും പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.