സിബിഎസ്ഇ പരീക്ഷകള്‍ മാറ്റില്ല

0

സിബിഎസ്ഇ പ്ലസ്ടു പരീക്ഷ തീയതി ജൂണ്‍ 1ന് പ്രഖ്യാപിക്കാന്‍ സാധ്യത. പരീക്ഷയുമായി മുന്നോട്ട് പോകാമെന്ന അഭിപ്രായം കൂടുതല്‍ സംസ്ഥാനങ്ങള്‍ മുന്നോട്ട് വെച്ചു. എന്നാല്‍ പരീക്ഷ നടത്തേണ്ടെന്നും ഉപേക്ഷിക്കണമെന്നും ഡല്‍ഹിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടു. വിഷയത്തില്‍ അന്തിമ തീരുമാനം പ്രധാനമന്ത്രിക്ക് വിട്ടിരിക്കുകയാണ്.

സിബിഎസ്ഇ പ്ലസ് ടു പരീക്ഷയും JEE/NEET പോലെ ഉള്ള പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കുമുള്ള മത്സര പരീക്ഷകളും നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനായി സംസ്ഥാനങ്ങളുടെ നിലപാട് കേള്‍ക്കാനുള്ള രണ്ടാമത്തെ യോഗമാണ് ഇന്ന് ചേര്‍ന്നത്.

സെപ്തംബറിലോ അതിന് ശേഷമോ പരീക്ഷ നടത്തുന്ന കാര്യം ആലോചിക്കണമെന്നാണ് സംസ്ഥാനങ്ങളെല്ലാം ഒറ്റക്കെട്ടായി പറയുന്നത്. രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. എന്നാല്‍ പരീക്ഷ വേണ്ടെന്നും ഇന്റേണല്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്തിയാല്‍ മതിയെന്നും ഡല്‍ഹിയും മഹാരാഷ്ട്രയും അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ എത്രയും വേഗം നല്‍കണമെന്നും സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

2 നിര്‍ദ്ദേശങ്ങളാണ് യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചത് പ്രധാന വിഷയങ്ങളുടെ മാത്രം പരീക്ഷ നടത്തുക അല്ലെങ്കില്‍ എല്ലാ പരീക്ഷകളും സമയം ചുരുക്കി നടത്തുകയെന്നതാണ് നിര്‍ദ്ദേശങ്ങള്‍. നിലവില്‍ മൂന്ന് മണിക്കൂറാണ് സിബിഎസ്ഇ പരീക്ഷകളുടെ ദൈര്‍ഘ്യം. ഇത് ഒന്നര മണിക്കൂറായി ചുരുക്കി നടത്താനാണ് നിര്‍ദ്ദേശം.

കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാല്‍ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ച നടത്തിയത്.