പരമ്പരാഗത മേഖലയിലെ തൊഴിലാളികളായ വിശ്വകർമ്മ, വീരശൈവ, വിളക്കിത്തല നായർ, കുടുംബി(വേളാർ) എണ്ണയാട്ട്, ക്ഷേത്ര കലാകാരൻമാർ തുടങ്ങിയവർക്ക് കോവിഡ് വ്യാപനത്തെ തുടർന്നു തൊഴിൽ തകർച്ച നേരിടുകയാണ്. ഇവരെ സംരക്ഷിക്കുവാൻ പ്രത്യേക തൊഴിൽ പാക്കേജ് സംസ്ഥാന സർക്കാർ അനുവദിക്കണമെന്ന് ബി.ജെ.പി- ഒ.ബി.സി മോർച്ച ദേശീയ സെക്രട്ടറി പുഞ്ചക്കരി സുരേന്ദ്രൻ ആവശ്യപ്പെട്ടു.
വിവിധ സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുത്തിട്ടാണ് അന്യം നിന്ന് പോകാറായ ഇൗ തൊഴിൽ മേഖലയെ പിടിച്ച് നിർത്തിയിട്ടുള്ളത്. കഴിഞ്ഞ ഒന്നര വർഷമായി കോവിഡ് വ്യാപനത്തെ തുടർന്ന് തൊഴിൽ ശാലകൾ തുറന്നു പ്രവർത്തിക്കുന്നതിന് കഴിഞ്ഞിരുന്നില്ല. ഇതോടെ പതിനായിരകണക്കിന് ദിവസതൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു. വായ്പ തുകകൾ തിരിച്ചടയ്ക്കാൻ കഴിയാത്തതിനാൽ ബാങ്കുകളുടെ ജപ്തി നടപടികളും ഇക്കൂട്ടർ അഭിമുഖീകരിക്കുന്നു.
സാങ്കേതികമായി ഈ വിഭാഗത്തിലെ ഭൂരിപക്ഷം ജനങ്ങളും എ.പി.എൽ വിഭാഗത്തിൽ പെട്ടവരാണ് അതുകാരണം ഇവർക്ക് മറ്റ് സർക്കാർ ഏജൻസികളിൽ നിന്നും യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല. തൊഴിൽ നഷ്ടപ്പെട്ട പരമ്പരാഗത തൊഴിലാളികൾ ഇന്ന് ആത്മഗത്യയുടെ വക്കിലാണ്. പുതിയ സംസ്ഥാന സർക്കാർ അധികാരത്തിൽ വരുമ്പോൾ പരമ്പരാഗത വ്യവസായത്തെയും തൊഴിലിനെയും സംരക്ഷിക്കുന്നതിന് നടപടി ഉണ്ടാകുമെന്ന് കരുതിയെങ്കിലും യാതൊന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. ആയതിനാൽ പരമ്പരാഗത/പൈതൃക തൊഴിൽ മേഖലകളെ സംരക്ഷിക്കുന്നതിനും തൊഴിലാളികൾക്ക് നേരിട്ട് സാമ്പത്തിക സഹായം ഉറപ്പുവരുത്തുന്നതിനും അടിയന്തരമായി തൊഴിൽ പാക്കേജ് അനുവദിച്ച് പരമ്പരാഗത തൊഴിൽ മേഖലയെ സംരക്ഷിക്കണമെന്നും പുഞ്ചക്കരി സുരേന്ദ്രൻ ആവശ്യപ്പെട്ടു.