പി രാജീവിനേയും പിണറായിയേയും പ്രശംസിച്ചു; ഇബ്രാഹിം കുഞ്ഞിനെതിരെ പ്രവര്‍ത്തകര്‍

0

മുഖ്യമന്ത്രി പിണറായി വിജയനേയും പുതിയ മന്ത്രിസഭയേയും കളമശ്ശേരിയില്‍ നിന്നും വിജയിച്ച് മന്ത്രിയായ പി രാജീവിനേയും പ്രശംസിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട വികെ ഇബ്രാഹിം കുഞ്ഞിനെതിരെ പ്രവര്‍ത്തകരുടെ വിമര്‍ശനം. ഫേസ്ബുക്കിലൂടെയാണ് മുസ്ലിം ലീഗ് പ്രവര്‍ത്തകരും അണികളും വികെ ഇബ്രാഹിം കുഞ്ഞിനെ കണക്കിന് ശകാരിച്ചത്. കളമശ്ശേരിയില്‍ മുസ്ലിം ലീഗ് തോല്‍ക്കാന്‍ കാരണം ഇബ്രാഹിം കുഞ്ഞും മകനും കാരണമാണെന്നും പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.

കളമശ്ശേരിക്ക് വേണ്ടിയുള്ള എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ പിന്തുണയുണ്ടാകുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ വികെ ഇബ്രാഹിം കുഞ്ഞ് കുറിച്ചിരുന്നു.

സിറ്റിംഗ് എംഎല്‍എ വികെ ഇബ്രാഹിം കുഞ്ഞിന്റെ മകനും മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ വിഇ അബ്ദുള്‍ ഗഫൂറിനെ പരാജയപ്പെടുത്തിയാണ് കളമശ്ശേരിയില്‍ പി രാജീവ് ചെങ്കൊടി പാറിച്ചത്. വികെ ഇബ്രാഹിം കുഞ്ഞിനെതിരെ വന്ന പാലാരിവട്ടം പാലം അഴിമതിയും, അബ്ദുള്‍ ഗഫൂറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധം ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാന്‍ മുസ്ലിം ലീഗിന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം.