കോവിഡ് പ്രതിരോധത്തിൻ്റെ മുന്നണി പോരാളികളാണ് പൊലീസുകാര്‍. ഊണും ഉറക്കവും ഇല്ലാതെ സ്വജീവന്‍ പോലും മറന്ന് പ്രവര്‍ത്തിക്കുന്നവര്‍. അവരിലൊരാളാണ് ഐ ബി ഷൈന്‍ എന്ന കലാകാരന്‍.
അതിജീവനത്തിൻ്റെ നാളുകളാണ് കടന്നുപോകുന്നത്. അടച്ചിടലുകളും ദുരിതങ്ങളും കൈമുതലാകുന്ന നാളുകളില്‍ പുതിയ ഊര്‍ജത്തിനായുള്ള ചിന്തകള്‍ വരികളായി. വരികള്‍ക്ക് പിന്നെ സംഗീതമായി. പിന്നാലെ ദൃശ്യാവിഷ്‌ക്കാരമായി..
അതേ….. ഷൈന്‍ കൈരളിക്ക് പാടാനും അതിജീവിക്കാനും തന്നത് ഉണര്‍ത്തുപാട്ടാണ്. മനോഹരമായ ദൃശ്യ ചാരുതയോടെ
ഉണരും നാട്
വെറുത്ത നാളുകളണഞ്ഞു പോവും
പുതിയൊരു പുലരി ഇവിടെ വരും
ഇരുണ്ടകോണിലെ ഇതളുകളിവിടെ ഇണയായ് ചേരും ഒന്നാകും ….
എന്ന വരികളിലൂടെ കവി നാടിനെ സ്വപ്‌നം കാണാന്‍ പഠിപ്പിക്കുകയാണ്.. മഹാനായ ഡോ. അബ്ദുല്‍ കലാം പറഞ്ഞ പോലെ .. നാടിന് അതിജീവിക്കാന്‍ സ്വപനം വേണം, ഉണരുന്ന നാടിനെ കുറിച്ചുള്ള സ്വപ്നം, അതിജീവനത്തിൻ്റെ സ്വപ്നം.
കോവിഡ് കാലത്തിലൂടെ കാമറ കണ്ണുകള്‍ കടന്നു പോകുമ്പോള്‍ ഒപ്പിയെടുക്കുന്ന ഫ്രെയിമുകളില്‍ നന്മയുടെ കണികകള്‍ കാണാം . അതിഥി തൊഴിലാളികളും അവശരും ഒറ്റപ്പെട്ടവരും ജീവിതത്തിലേക്ക് നടന്നടക്കുന്ന ഫ്രെയിമുകള്‍. ഭക്ഷണപ്പൊതി വിതരണം പോലുള്ള മഹത്തായ മനുഷ്യത്വവും ഷൈന്‍ കാണിക്കുന്നു.
ഇത്തരമൊരു പാട്ടിന് ശബ്ദം പകരാന്‍ രാമവർമപുരം പൊലീസ് അക്കാദമിയിലെ ഈ പൊലീസുകാരന്‍ തിരഞ്ഞെടുത്തത് ഒരു മുന്നാം ക്ലാസുകാരിയെയാണ്. പുതുതലമുറയിലാണ് നാടിൻ്റെ ഭാവി, അതുകൊണ്ട് അവരുടെ ശബ്ദമാകട്ടെ തൻ്റെ പാട്ടിന് എന്ന് വേറിട്ട ചിന്തയാണ് ഇതിന് പിന്നില്‍. അയ്യന്തോള്‍ പുതൂര്‍ക്കര അശ്വതി കൃഷ്ണയാണ് മനോഹരമായി പാടിയത്. സഹോദരനായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അനന്തകൃഷ്ണന്‍ പശ്ചാത്തല സംഗീതമൊരുക്കി.
മനാേഹരമായ ഈ ദൃശ്യവിരുന്ന് സംവിധാനം ചെയ്തതും ഷൈന്‍ തന്നയാണ്. നിള പോലുള്ള സാസ്ക്കാരിക കൂട്ടായ്മകളുടെ സംഘാടകൻ കൂടിയാണ് ഈ കലാകാരൻ. കാമറ ചലിപ്പിച്ചത് സുഭാഷ് ചിറ്റണ്ടയാണ്, എഡിറ്റിങ്ങ് ടിറ്റോ ഫ്രാന്‍സീസും. നര്‍ത്തകിമാരായ ഡോ. നീനാ പ്രസാദ്, മായ, മിത്ര എന്നിവരാണ് അഭിനേതാക്കള്‍.