തിരുവനന്തപുരം വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പ്രദേശത്ത് കനത്ത നാശനഷ്ടം വിതച്ച് ടൗട്ടെ. ചുഴലിക്കാറ്റിന്റെ പ്രഭാവത്തെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തിലാണ് വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രദേശത്ത് കനത്ത നാശ നഷ്ടം ഉണ്ടായിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി 175 മീറ്റര്‍ സ്ഥലത്ത് സ്ഥാപിച്ചിരുന്ന പുലിമുട്ടുകള്‍ ഒഴുകിപ്പോയി. ആകെ 850 മീറ്റര്‍ നീളത്തിലായിരുന്നു ഇതുവരെയായി പുലിമുട്ട് നിര്‍മിച്ചത്. ഈ പ്രദേശത്ത് ശക്തമായ തിരയടിക്കല്‍ ഇപ്പോഴും തുടരുന്നു.
കാലാവസ്ഥ അനുകൂലമായതിന് ശേഷമേ കൃത്യമായ നാശനഷ്ടം വിലയിരുത്താന്‍ കഴിയൂ എന്ന് തുറമുഖം അധികൃതര്‍ അറിയിച്ചു. ഇതോടെ തുറമുഖ നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും അനിശ്ചിതത്വത്തിലായി.
2017ല്‍ ഉണ്ടായ ഓഖി ചുഴലിക്കാറ്റില്‍ പദ്ധതി പ്രദേശത്തുണ്ടായ നാശനഷ്ടം ചൂണ്ടിക്കാണിച്ച് അദാനി ഗ്രൂപ്പ് സമയം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവിലെ സാഹചര്യങ്ങളനുസരിച്ച് പദ്ധതി ഇനിയും വൈകുനാണ് സാധ്യത.