ഉത്തര്‍പ്രദേശിലും ബിഹാറിലും മൃതദേഹങ്ങള്‍ ഗംഗയില്‍ ഒഴുക്കിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍. കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും നാല് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതുവരെ നൂറോളം മൃതദേഹങ്ങളാണ് ഗംഗാ നദിയില്‍ നിന്ന് കണ്ടെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് ഇരുസംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഉത്തര്‍പ്രദേശില്‍ നിന്ന് നൂറുകണക്കിന് പേരുടെ മൃതദേഹങ്ങള്‍ മധ്യപ്രദേശിലും ബിഹാറിലേക്കും ഗംഗ നദിയിലൂടെ ഒഴുകിയെത്തിയരുന്നത് മുമ്പ് വാര്‍ത്തയായിരുന്നു. കൂടാതെ കിഴക്കന്‍ യുപി പ്രദേശങ്ങളില്‍ നദിയുടെ കരയില്‍ നിരവധി മൃതദേഹങ്ങള്‍ അടിയുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഉന്നാവില്‍ നദിക്കരയില്‍ മൃതദേഹങ്ങള്‍ മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടെത്തിയിരുന്നു.
പുഴയിലേക്ക് ശവശരീരങ്ങള്‍ വലിച്ചെറിയുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഉത്തര്‍പ്രദേശ്-ബിഹാര്‍ അതിര്‍ത്തിയിലെ ഒരു പാലത്തില്‍ വെച്ചാണ് ആംബുലന്‍സ് ഡ്രൈവര്‍ ശവശരീരങ്ങള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞത്.