ചെറിയ പെരുന്നാള്‍ വീട്ടില്‍ ആഘോഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി

0

കേരളത്തില്‍ കൊവിഡ് ബാധ അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ചെറിയ പെരുന്നാള്‍ വീടുകളിലാക്കണമെന്ന അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി. പെരുന്നാള്‍ നമസ്‌കാരം വീടുകളില്‍ നടത്തി നോമ്പുകാലത്ത് കാട്ടിയ കരുതല്‍ പെരുന്നാള്‍ ദിവസവും തുടരണമെന്നും നോമ്പുകാലത്ത് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിച്ച മുഴുവന്‍ സഹോദരങ്ങളേയും അഭിവാദ്യം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാളെ ചെറിയ പെരുന്നാളാണ്. മഹാമാരിയുടെ കാലത്തും വിശ്വാസ ലോകമാകെ 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ ആഹ്ലാദത്തിലാണ്. എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍. മാനവികതയുടെ, ഒരുമയുടെ, സഹാനുഭൂതിയുടെ ദാനധര്‍മ്മങ്ങളുടെ ഏറ്റവും ഉദാത്തമായ ആശയമാണ് ചെറിയ പെരുന്നാള്‍. ഒത്തുചേരലുകളും സന്തോഷം പങ്കുവെക്കലും പെരുന്നാളില്‍ പ്രധാനമാണ്. കൂട്ടം ചേരല്‍ അപകടത്തിലാക്കുന്ന ഈ കാലത്ത് ആഘോഷം കുടുംബത്തിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷവും കൊവിഡ് കാലത്തായിരുന്നു റംസാന്‍. അന്ന് വീടുകളില്‍ പ്രാര്‍ത്ഥന നടത്തി കൊവിഡ് പ്രതിരോധത്തോട് സഹകരിച്ചു. ഇത്തവണ കൊവിഡ് കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. ഈദ് ദിന പ്രാര്‍ത്ഥന വീട്ടില്‍ നടത്താനുള്ള സ്വയം നിയന്ത്രണം പാലിക്കണം. വൃതാനുഷ്ഠാനത്തിലൂടെ ആര്‍ജിച്ച സ്വയം നവീകരണം മുന്നോട്ടുള്ള ജീവിതത്തില്‍ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടട്ടേ എന്നും മുഖ്യമന്ത്രി പ്രതികരിച്ചു.