കൊവിഡ് രോഗികളുടെ മാനസിക സമ്മര്‍ദ്ദം കുറക്കാനായി വിചിത്ര പരിഹാരം നിര്‍ദ്ദേശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനെതിരെ സോഷ്യല്‍മീഡിയയില്‍ പൊങ്കാല. മാനസിക സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ വേണ്ടി ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ മതിയെന്നായിരുന്നു മന്ത്രി നിര്‍ദ്ദേശിച്ചത്. കൊക്കോ 70 ശതമാനം അടങ്ങിയിട്ടുള്ള ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ ശരീരത്തിന് കൂടുതല്‍ രോഗപ്രതിരോധ ശേഷി ഉണ്ടാകുമെന്നും സമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കുമെന്നുമായിരുന്നു മന്ത്രിയുടെ ഉപദേശം.
എന്നാല്‍ ആരോഗ്യ വിദഗ്ധര്‍ തന്നെ ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തി. പൊതുജനാരോഗ്യ ഗവേഷകരും കേന്ദ്രആരോഗ്യമന്ത്രിയോട് തെളിവുകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
മന്ത്രിയുടെ ചോക്ലേറ്റ് ചികിത്സക്ക് തെളിവ് ആവശ്യപ്പെട്ടുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. മന്ത്രി എന്ന നിലക്ക് തെളിവുകള്‍ നിരത്തി സംസാരിക്കണമെന്നും ചിലര്‍ പറയുന്നു. നമ്മുടെ സമൂഹത്തിലെ എത്ര ആളുകള്‍ക്ക് ജാര്‍ക്ക് ചോക്ലേറ്റ് വാങ്ങി കഴിക്കാനുള്ള സാഹചര്യമുണ്ടെന്നും കമന്റുകളിലൂടെ മറ്റു ചിലര്‍ ചോദിക്കുന്നു. ഇനി റേഷന്‍ കടകള്‍ വഴി ചോക്ലേറ്റ് വിതരണവും തുടങ്ങുമോ എന്നതടക്കമുള്ള ചോദ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.