കെആര്‍ ഗൗരിയമ്മ വിടവാങ്ങി, നഷ്ടമായത് കേരളത്തെ മാറ്റിമറിച്ച പോരാളിയെ

0

മുന്‍മന്ത്രിയും കേരള രാഷ്ട്രീയത്തിലെ ശക്തമായ സ്ത്രീ സാന്നിധ്യവുമായ കെആര്‍ ഗൗരിയമ്മ അന്തരിച്ചു. ഇന്ന് രാവിലെ 7 മണിയോട് കൂടിയായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 102 വയസാണ് പ്രായം.

മുന്‍മന്ത്രി ടിവി തോമസായിരുന്നു കെആര്‍ ഗൗരിയമ്മയുടെ ഭര്‍ത്താവ്. ആദ്യ കേരള മന്ത്രിസഭയിലെ റവന്യു മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു. കുറേ നാളുകളായി ചികിത്സയിലായിരുന്നു ഗൗരിയമ്മ. ഇതിനിടക്ക് ഗൗരിയമ്മ അന്തരിച്ചതായി വ്യാജവാര്‍ത്തകളും മുമ്പ് വന്നിരുന്നു.

ഉച്ചയ്ക്ക് 12ന് അയ്യന്‍കാളി ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കാനാണ് ആലോചന. ആലപ്പുഴയിലും ഒരു മണിക്കൂര്‍ പൊതുദര്‍ശനം ഉണ്ടാകും. സംസ്‌ക്കാരം വൈകീട്ട് ആറിന് ആലപ്പുഴ വലിയ ചുടുകാട്ടില്‍.

കെ ആര്‍ ഗൗരിയമ്മയുടെ പേരെഴുതാതെ ആധുനിക കേരള ചരിത്രം ഒരിക്കലും പൂര്‍ത്തിയാവില്ല. കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിയന്ത്രിച്ച വനിതയായിരുന്നു അവര്‍. ഒട്ടേറെ യാതനകള്‍ അനുഭവിച്ചാണ് അവര്‍ കമ്മ്യൂണിസ്റ്റ് നേതാവായത്. ഈഴവ സമുദായത്തിലെ ആദ്യ വനിതാ അഭിഭാഷകയാണ് ഗൗരിയമ്മ.

സംസ്ഥാനത്തെ ആദ്യ മന്ത്രിസഭയിലെ റവന്യു മന്ത്രിയാണ്. കേരളത്തെ മാറ്റി മറിച്ച കാര്‍ഷിക പരിഷ്‌ക്കരണ നിയമം പാസ്സാക്കിയതിന് പിന്നില്‍ ഈ മഹാവനിതയാണ്. കുടിയൊഴിപ്പിക്കല്‍ നിരോധന നിയമം, ഭൂപരിഷക്കരണ നിയമം, വനിതാ കമ്മീഷന്‍ നിയമം, അഴിമതി നിരോധന നിയമം തുടങ്ങിയ ചരിത്ര പരമായ നിയമങ്ങള്‍ക്ക് പിന്നിലും കെ ആര്‍ ഗൗരിയമ്മയായിരുന്നു.

കേരം തിങ്ങും കേരള നാട് കെ ആര്‍ ഗൗരി ഭരിക്കട്ടെ എന്ന് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയും വിജയിച്ചപ്പോള്‍ ഗൗരിയമ്മയെ തഴഞ്ഞതും ചരിത്രം. അല്ലെങ്കില്‍ കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രി എന്ന ഖ്യാതിയും ലഭിച്ചേനെ. പാര്‍ടിക്കായി ഭര്‍ത്താവ് ടി വി തോമസിനെ ഒഴിവാക്കിയ വിപ്ലവ നായികയായ അവരോട് പക്ഷേ പാര്‍ടി പൂര്‍ണ മര്യാദ കാട്ടിയില്ലെന്ന വിമര്‍ശനം ശക്തമാണ്. ഇതിന്റെ കൂടി ഭാഗമായാണ് അവര്‍ ജെഎസ്എസ് എന്ന പാര്‍ടി രൂപീകരിച്ചത്.