തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് അന്തരിച്ചു

0

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച വൈകീട്ടായിരുന്നു അന്ത്യം. ഹൃദയാഘാതത്തെത്തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീട്ടിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചിരുന്നു.

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്. നിറക്കൂട്ട്, രാജാവിൻ്റെ മകൻ, ന്യൂഡൽഹി, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത് എന്നിങ്ങനെ തീയേറ്ററുകളെ ഇളക്കിമറിച്ച നിരവധി ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയത് അദ്ദേഹമായിരുന്നു. അഗ്രജൻ, തുടർക്കഥ, അപ്പു, അഥർവ്വം, മനു അങ്കിൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്.

1985-ൽ ജേസി സംവിധാനം ചെയ്ത ‘ഈറൻ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതി ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. മനു അങ്കിൾ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ 1957 ഒക്ടോബർ 20ന് എം എൻ ജോസഫിൻ്റെയും ഏലിയാമ്മ ജോസഫിൻ്റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ ഗവൺമെൻ്റ് ഹൈസ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജിൽ നിന്നും ബിരുദവും നേടി. പിന്നീട് ഫാർമസിയിൽ ഡിപ്ലോമയും കരസ്ഥമാക്കി.

ഇദ്ദേഹം തിരക്കഥ രചിച്ച രാജാവിൻ്റെ മകൻ, ന്യൂഡൽഹി,സംഘം, നമ്പർ 20 മദ്രാസ് മെയിൽ,കോട്ടയം കുഞ്ഞച്ചൻ തുടങ്ങിയ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയിട്ടുണ്ട്. സംവിധായകൻ ജോഷിയുമായി ചേർന്ന് മികച്ച ഒരുപിടി നല്ല ചിത്രങ്ങൾ മലയാള പ്രേക്ഷകർക്ക് നൽകി ഇദ്ദേഹം.

കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ അദ്ദേഹത്തിന്‍റെ സിനിമയുമായുള്ള ബന്ധം തുടങ്ങുന്നത് സിനിമാ ലേഖകനായിട്ടാണ്. പിന്നീട് തിരക്കഥാ രചനയിലേക്ക് കടന്ന അദ്ദേഹം തൊട്ടതെല്ലാം പൊന്നായി. മമ്മൂട്ടിയെയും മോഹൻലാലിനെയും സൂപ്പർ താര പദവിയിൽ എത്തിച്ച തിരക്കഥാകൃത്തെന്ന് നിസ്സംശയം ഡെന്നിസ് ജോസഫിനെ വിശേഷിപ്പിക്കാം. അദ്ദേഹത്തിന്‍റെ ഏറ്റവും അവസാനം പുറത്തുവന്ന ചിത്രം പ്രിയദർശന്‍റെ ഗീതാഞ്ജലിയാണ്.