കൊവിഡ് രൂക്ഷമാകുന്നതിനിടെ ഓക്‌സിജന്‍ പ്ലാന്റുകളുമായി യുകെയില്‍ നിന്ന് ലോകത്തെ ഏറ്റവും വലിയ കാര്‍ഗോ വിമാനം ഇന്ത്യയിലേക്കെത്തും. 18 ടണ്‍ ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്ന മൂന്ന് പ്ലാന്റുകളും 1000 വെന്റിലേറ്ററുകളുമാണ് ഇന്ത്യയിലെത്തിക്കുക. ഏറെ പ്രതിസന്ധികള്‍ നേരിടുന്ന കൊവിഡിന്റെ രണ്ടാം തരംഗത്തിനിടെയാണ് യുകെയുടെ സഹായം.
നോര്‍ത്തേണ്‍ അയര്‍ലന്റിലെ ബെല്‍ഫാസ്റ്റില്‍ നിന്നാണ് ആന്റോനാവ് 124 എന്ന കാര്‍ഗോ വിമാനം പുറപ്പെട്ടിരിക്കുന്നത്. നാളെ രാവിലെയോട് കൂടി വിമാനം ഇന്ത്യയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഫോറിന്‍ കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസിന്റെ നേതൃത്വത്തിലാ് ഓക്‌സിജന്‍ പ്ലാന്റുകള്‍ ഇന്ത്യയിലെത്തിക്കുന്നത്. റെഡ് ക്രോസിന്റെ സഹായത്തോടെ രാജ്യത്തെ വിവിധ ആശുപത്രികളിലേക്ക് കൈമാറും. ഓരോ ഓക്‌സിജന്‍ ജനറേറ്റര്‍ യൂണിറ്റുകളില്‍ നിന്നും മിനിട്ടില്‍ 500 ലിറ്റര്‍ ഓക്‌സിജന്‍ വരെ ഉത്പാദിപ്പിക്കാനാകും. ഇതുമൂലം ഒരു സമയം 50 പേരുടെ ജീവനാണ് രക്ഷിക്കാന്‍ കഴിയുക.
ഇന്ത്യയിലുള്ള കൊവിഡ് രോഗികള്‍ക്ക് ഇത് സഹായകമാകുമെന്നും ഈ മഹാമാരിയെ തടയാന്‍ യുകെയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. ഏപ്രിലില്‍ 200 വെന്റിലേറ്ററുകളും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്റുകളും യുകെ ഇന്ത്യക്ക് നല്‍കിയിരുന്നു. നിരവധി രാജ്യങ്ങളാണ് പ്രതിസന്ധി ഘട്ടത്തില്‍ സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്.