ഹരിപ്പാട് നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തലക്ക് ബിജെപി വോട്ട് മറിച്ചു നല്‍കിയെന്നാരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്‍ സജിലാല്‍ രംഗത്ത്. പതിനായിരത്തോളം വോട്ടുകളാണ് ബിജെപി മറിച്ചു നല്‍കിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും ബിജെപി വോട്ടുകള്‍ മറിച്ചു നല്‍കിയിരുന്നുവെന്ന് സജിലാല്‍ പറഞ്ഞു.
മണ്ഡലത്തിലുടനീളം ശക്തമായ പ്രചാരണം കാഴ്ചവെക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചിരുന്നു. എന്നാല്‍ ബിജെപി-കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രവര്‍ത്തനമാണ് ഇടതുപക്ഷത്തിന് പ്രതികൂലമായതെന്നും സജിലാല്‍ പറഞ്ഞു. 13666 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇടത് സ്ഥാനാര്‍ത്ഥി സജിലാലിനെ തോല്‍പ്പിച്ച് രമേശ് ചെന്നിത്തല മണ്ഡലത്തില്‍ ജയിച്ചത്.
2019 ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഹരിപ്പാട് മണ്ഡലത്തില്‍ ബിജെപിക്ക് 22238 വോട്ടുകളാണ് ലഭിച്ചത്. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 17890 ആയി ചുരുങ്ങി. ബിജെപിയുടെ പതിനായിരത്തോളം വോട്ടുകളാണ് രമേശ് ചെന്നിത്തലയുടെ വിജയത്തിനായി മറിച്ച് നല്‍കിയതെന്നാണ് സജിലാലിന്റെ ആരോപണം.