മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസായിരുന്നു. കുറേ നാളുകളായി വാര്‍ധക്യ സഹജയമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 4.50നോട് കൂടിയാണ് അന്തരിച്ചത്. ചലച്ചിത്ര നടന്‍ ബി ഗണേഷ് കുമാറിന്റെ പിതാവാണ്.
മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു. കൊട്ടാരക്കര വിജയാസ് ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ ദിവസം വഷളാകുകയായിരുന്നു.
കേരള കോണ്‍ഗ്രസ് സ്ഥാപക ജനറല്‍ സെക്രട്ടറിയായിരുന്നു. 1960ല്‍ 25ാമത്തെ വയസിലാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്. 1971ല്‍ മാവേലിക്കരയില്‍ നിന്ന് ലോകസഭാംഗമായി. 1975ല്‍ അച്യുത മേനോന്‍ മന്ത്രിസഭയില്‍ ജയില്‍ വകുപ്പ് കൈകാര്യം ചെയ്തു. കൂടാതെ കെ കരുണാകരന്‍, ഇകെ നയനാര്‍, എകെ ആന്റണി മന്ത്രിസഭകളിലും അംഗമായിരുന്നു. ഗതാഗതം, എക്‌സൈസ്, വൈദ്യുതി വകുപ്പുകളുടെ ചുമതലകള്‍ നിര്‍വഹിച്ചിട്ടുണ്ട്.