ഹത്രസ് കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് പിന്തുണയുമായി രാഹുല്‍ ഗാന്ധി. സിദ്ദിഖ് കാപ്പനും കുടുംബത്തിനും തന്റെ എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. സിദ്ദിഖ് കാപ്പന് എല്ലാവിധ സുരക്ഷയും ആരോഗ്യപിന്തുണയും നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ബിജെപിയുടേയും ആര്‍എസ്എസിന്റെയും ഭീരുത്വമാണ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തതിലൂടെ തെളിഞ്ഞതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.
കുറ്റകൃത്യമാണ് തടയേണ്ടതെന്നും വാര്‍ത്തകളെയല്ലെന്നും രാഹുല്‍ ഗാന്ധി ഓര്‍മ്മിപ്പിച്ചു. സിദ്ദിഖ് കാപ്പന് വേണ്ടി എഡിറ്റേഴ്‌സ് ഗില്‍ഡിന്റെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പങ്കുവെച്ചാണ് രാഹുല്‍ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റ്. നേരത്തെ സിദ്ദിഖ് കാപ്പന് പിന്തുണയുമായി കേരളത്തിലെ വിവിധ എംപിമാര്‍ സുപ്രിംകോടതിക്കും പ്രധാനമന്ത്രിക്കും കത്തയിച്ചിരുന്നു. കൊവിഡ് ചികിത്സയിലുള്ള കാപ്പനെ ചങ്ങലയില്‍ ബന്ധിച്ചിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ഭാര്യ വ്യക്തമാക്കിയിരുന്നു. കൊവിഡ് ചികിത്സയിലുള്ള കാപ്പന് മികച്ച പിന്തുണ നല്‍കണമെന്ന ഹര്‍ജി നാളെ സുപ്രിംകോടതി പരിഗണിക്കും.