വാക്സിൻ്റെ പേരിൽ അനാവശ്യ ഭീതി പ്രചരിപ്പിക്കുന്നതിൽ നിന്നും ബന്ധപ്പെട്ടപ്പെട്ടവർ പിൻമാറണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ്വകക്ഷിയോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.
മറ്റു സംസ്ഥാനങ്ങൾ വാക്സിൻ ബുക്ക് ചെയ്യുമ്പോൾ കേരളത്തിൻ്റെ ഭാഗത്ത് നിന്നും അലസമായ സമീപനമാണുള്ളത്. എത്രയും പെട്ടെന്ന് ആവശ്യമായ വാക്സിനുകൾ ബുക്ക് ചെയ്യാൻ സർക്കാർ തയ്യാറാവണം. ഒച്ചിഴയുന്ന വേഗത്തിലാണ് സംസ്ഥാനത്ത് വാക്സിനേഷൻ നടക്കുന്നത്. കൂടുതൽ വാക്സിനേഷൻ സെൻ്ററുകൾ തുടങ്ങി ഈ പ്രശ്നം പരിഹരിക്കണം. പ്രൈവറ്റ് ലാബുകളിലെ ആർടിപിസിആർ ടെസ്റ്റിൻ്റെ നിരക്ക് മൂന്നിലൊന്നായി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. മറ്റു സംസ്ഥാനങ്ങളെ ഈ കാര്യത്തിൽ മാതൃകയാക്കുകയാണ് പിണറായി സർക്കാർ ചെയ്യേണ്ടതെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ആർടിപിസിആർ ടെസ്റ്റുകളുടെ ഫലം വരാനുള്ള കാലതാമസം ഒഴിവാക്കണം. ഇത് കൊവിഡ് വ്യാപനത്തിന് കാരണമാവും. നാലും അഞ്ചും ദിവസം വരെ ഫലത്തിനായി ആളുകൾ കാത്തുനിൽക്കുന്ന അവസ്ഥയാണുള്ളത്. ഭാവിയിലെ ഓക്സിജൻ ക്ഷാമം മുന്നിൽ കണ്ട് കൂടുതൽ ഓക്സിജൻ സെൻ്ററുകൾ തുടങ്ങാൻ സർക്കാർ മുൻകൈ എടുക്കണം. ഓക്സിജൻ പ്ലാൻ്റുകൾ തുടങ്ങാൻ കേന്ദ്രസർക്കാർ അനുവദിച്ച ഫണ്ട് ഉപയോഗിക്കണം. ലോക്ക്ഡൗൺ കാലത്തെ പോലെ ഗുരുതരമല്ലാത്ത കുറ്റം ചെയ്ത ജയിൽ പുള്ളികൾക്ക് പരോൾ നൽകി ജയിലുകളിലെ കൊവിഡ് വ്യാപനം തടയാൻ സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു