HomeHealthമറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധം

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേളമിറക്കി ആരോഗ്യവകുപ്പ്. ഇവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന അല്ലെങ്കില്‍ 14 ദിവസം റൂം ഐസൊലേഷന്‍ നിര്‍ബന്ധമാക്കി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ എല്ലാവരും ഇ-ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. വാക്‌സിന്‍ എടുത്തവരാണെങ്കിലും സംസ്ഥാനത്ത് എത്തുന്നതിന് മുമ്പ് 48 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. അല്ലാത്തവര്‍ കേരളത്തില്‍ എത്തിയാല്‍ ഉടന്‍ തന്നെ ആര്‍ടിപിസിആര്‍ പരിശോധനക്ക് വിധേയരാവുകയും പരിശോധനഫലം ലഭിക്കുന്നത് വരെ അവരവരുടെ വാസസ്ഥലങ്ങളില്‍ റൂം ഐസൊലേഷനില്‍ കഴിയണം.

പരിശോധനഫലം പൊസിറ്റീവ് ആകുന്നവര്‍ ഉടനെ വൈദ്യസഹായം തേടണം. പരിശോധനാഫലം നെഗറ്റീവാകുന്നവര്‍ മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, കൈകള്‍ വൃത്തിയാക്കുക തുടങ്ങിയ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം. പനി, ചുമ, തൊണ്ടവേദന, ശ്വാസതടസം, പേശിവേദന, ക്ഷീണം, മണം അനുഭവപ്പെടാതിരിക്കുക, വയറളിക്കം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലകളില്‍ ചീഫ് സെക്രട്ടറി 5 കോടി രൂപ വീതം അനുവദിച്ച് ഉത്തരവായി. ദുരന്തനിവാരണഫണ്ടില്‍ നിന്നാണ് തുക നല്‍കിയത്. ജില്ല കളക്ടര്‍മാര്‍ക്കാണ് തുക അനുവദിച്ചത്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഐസിയു, വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദ്ദേശമുണ്ട്.

Most Popular

Recent Comments