കായംകുളം വള്ളിക്കുന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ കൂടി അറസ്റ്റിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ വള്ളിക്കുന്നം സ്വദേശികളായ ആകാശ്, പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. ഇവരടക്കം നാല് പ്രതികളാണ് ഇതുവരെയും അറസ്റ്റിലായത്.
പതിനഞ്ച് വയസ്സുകാരനായ അഭിമന്യുവിനെ കഴിഞ്ഞ വിഷുദിനത്തിലാണ് ആക്രമിച്ച് കൊലപ്പെടുത്തിയത്. ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതികളെ ഇന്ന് പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതികളെ കായംകുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസിലെ മുഖ്യപ്രതിയായ സജയ് ജിത്ത്, സഹായി ജിഷ്ണു എന്നിവരെ കഴിഞ്ഞ ദിവസം അറ്‌സറ്റ് ചെയ്തിരുന്നു.
അഭിമന്യുവിന്റെ സഹോദരനും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായ അനന്തുവിനെ ആക്രമിക്കാനായി ലക്ഷ്യമിട്ടാണ് പടയണി വെട്ടത്തെ ഉത്സവസ്ഥലത്ത് പ്രതികളെത്തിയത്. ഇതിനിടെ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് അഭിമന്യുവിനെ കുത്തിവീഴ്ത്തുകയുമായിരുന്നു. അഭിമന്യുവിനെ കുത്തിവീഴ്ത്തിയ കഠാര കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. 8 പ്രതികെളെയാണ് കേസില്‍ ഇതുവരെയായി തിരിച്ചറിഞ്ഞത്. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.