തൃശൂര്‍ പൂരത്തില്‍ സാമ്പിള്‍ വെടിക്കെട്ടും പൂരം വെടിക്കെട്ടും മാനദണ്ഡങ്ങള്‍ പാലിച്ച് നടത്താനുള്ള അനുമതിയായി. പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് വെടിക്കെട്ടിന് അനുമതി നല്‍കിയത്.
കൊവിഡ് പശ്ചാത്തലത്തില്‍ പൂരം നടത്താന്‍ അനുമതി നല്‍കിയപ്പോള്‍ വെടിക്കെട്ട് നടക്കുമോ എന്ന കാര്യത്തില്‍ സംശയം നിലനിന്നിരുന്നു. സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരമുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് വെടിക്കെട്ട് നടത്താം.
കൂടുതല്‍ നിയന്ത്രണങ്ങള്‍ ജില്ല ഭരണകൂടം തീരുമാനിക്കും. ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ അടുത്ത ദിവസം ഉണ്ടാകും. 17ാം തീയതി കൊടിയേറ്റ് മുതല്‍ 24ാം തിയതി ഉപചാരം ചൊല്ലി പിരിയുന്നത് വരെയുള്ള വെടിക്കെട്ടിനാണ് അനുമതി കിട്ടിയത്.
ഈ വര്‍ഷം തൃശൂര്‍ പൂരം പ്രൗഢിയോടെ നടത്താന്‍ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിരുന്നു. ചടങ്ങുകളില്‍ മാറ്റമില്ല. എന്നാല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്നും അറിയിച്ചിരുന്നു.
തൃശൂര്‍ പൂരത്തിനെത്തുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കും. 45 വയസ് മുകളില്‍ പ്രായമുള്ളവര്‍ വാക്‌സിനേറ്റഡ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണം. പൂരപറമ്പില്‍ പ്രവേശിക്കുന്നതിനും നിയന്ത്രണമുണ്ടായിരിക്കും. പത്ത് വയസില്‍ താഴെ ഉള്ള കുട്ടികളെ പൂരപറമ്പില്‍ പ്രവേശിപ്പിക്കില്ലെന്നും അറിയിച്ചു.