സംസ്ഥാന അഗ്നി – രക്ഷാ വകുപ്പിൻ്റെയും കേരള സിവിൽ ഡിഫൻസിൻ്റെയും ആഭിമുഖ്യത്തിൽ അഗ്നി സുരക്ഷാ വാരാചരണത്തിൻ്റെ ഭാഗമായി സൈക്ലത്തോൺ സംഘടിപ്പിക്കുന്നു. സംസ്ഥാനത്തിൻ്റെ വടക്ക് നിന്നും തെക്ക് നിന്നും ആരംഭിക്കുന്ന സൈക്ലത്തോൺ എറണാകുളത്താണ് സംഗമിക്കുന്നത്.
ഫയർ സർവീസ് ഡേയായ ഏപ്രിൽ 14ന് ബുധനാഴ്ച രാവിലെ 8 30 ന് തിരുവനന്തപുരം ചാക്ക ഫയർ സ്റ്റേഷനിൽ നിന്നും കോഴിക്കോട് മീഞ്ചന്ത ഫയർ സ്റ്റേഷനിൽ നിന്നുമാണ് പരിപാടി ആരംഭിക്കുക. ഏപ്രിൽ 17 ന് രാവിലെ ഒമ്പതിന് കൊച്ചിയിലെ ഗാന്ധിനഗർ ഫയർ സ്റ്റേഷനിൽ രണ്ട് സൈക്ലത്തോണുകൾ സംഗമിക്കും.
അഗ്നി -രക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥർക്കൊപ്പം കേരള സിവിൽ ഡിഫൻസ് വളൻ്റി യർമാരും പങ്കെടുക്കുന്ന സൈക്ലത്തോണിലെ ഇരുടീമുകളും മൂന്നു ദിവസം കൊണ്ട് ഇരുന്നൂറിലധികം കിലോമീറ്ററുകൾ പിന്നിട്ടാണ് കൊച്ചിയിലെത്തുന്നത്.
1944 ൽ മുംബൈ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കുന്നതിനിടെ ഉണ്ടായ അത്യുഗ്ര സ്ഫോടനത്തിൽ ജീവൻ വെടിഞ്ഞ അഗ്നിസേനാ ഉദ്യോഗസ്ഥരോടുള്ള ആദരസൂചകമായാണ് എല്ലാ വർഷവും ഏപ്രിൽ 14 ന് രാജ്യം ഫയർ സർവീസ് ഡേ ആചരിക്കുന്നത്. ഇതിൻ്റെ ഭാഗമായി കേരളത്തിൽ സംഘടിപ്പിച്ചിരിക്കുന്ന സൈക്ലോൺ 2021 സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോൾ അഗ്നി സുരക്ഷയെക്കുറിച്ചുള്ള അവബോധം പൊതു സമൂഹവുമായി പങ്കുവയ്ക്കപ്പെടുന്നു.
അഗ്നിയുടെ രൗദ്രത മറ്റാരേക്കാളും അടുത്തറിയുന്ന അഗ്നിരക്ഷാസേനയിലെ ഉദ്യോഗസ്ഥർ അവരുടെ അനുഭവ പരിചയങ്ങൾ വാരാചരണത്തിൻ്റെ ഭാഗമായി പൊതുജനങ്ങളിലേക്കെത്തിക്കുന്നു. അഗ്നിസുരക്ഷയുമായി ബന്ധപ്പെട്ട ബോധവത്ക്കരണ പരിപാടികളിലൂടെ ദുരിതങ്ങൾക്കെതിരെ മുൻകരുതൽ സ്വീകരിക്കാനും അവയുടെ ആഘാതം കുറയ്ക്കുവാനും പൊതുജനത്തെ പ്രാപ്തരാക്കാനാണ് സംഘാടകർ ലക്ഷ്യമിടുന്നത്.