വിജിലന്‍സ് കണ്ടെത്തിയ അരക്കോടി രൂപക്ക് രേഖയുണ്ടെന്ന് കെഎം ഷാജി എംഎല്‍എ. ബന്ധുവിന്റെ ഭൂമിയിടപാടിനായി കൊണ്ടുവന്ന പണമാണിതെന്ന് ഷാജി പറഞ്ഞു. രേഖകള്‍ ഹാജരാക്കാന്‍ ഒരു ദിവസത്തെ സമയം വേണമെന്നും ഷാജി വിജിലന്‍സിനോട് ആവശ്യപ്പെട്ടു. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടേയും കണ്ണൂര്‍ മണലിലേയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ കണ്ണൂരിലെ വീട്ടില്‍ നിന്നാണ് 50 ലക്ഷം രൂപ കണ്ടെടുത്തത്.
വിജിലന്‍സ് സംഘം കോഴിക്കോട് മാലൂര്‍ക്കുന്നിലെ വീട്ടില്‍ റെയ്ഡിനെത്തുമ്പോള്‍ ഷാജിയും കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു. 2012 മുതല്‍ 2021 വരെ കെഎം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് കാട്ടി കോഴിക്കോട് സ്വദേശിയും സിപിഎം നേതാവുമായ എംആര്‍ ഹരീഷാണ് വിജിലന്‍സിന് പരാതി നല്‍കിയത്.
നേരത്തെ വിജിലന്‍സ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഷാജി അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ഈ കാലയളവില്‍ തന്റെ ആകെ ചെലവ് 87.5 ലക്ഷം രൂപയാണെന്നാണ് ഷാജി സമര്‍പ്പിച്ച വിവിധ സത്യവാങ്മൂലത്തില്‍ പറയുന്നത്. എന്നാല്‍ രണ്ട് കോടിയിലേറെ രൂപ ഷാജി വിനിയോഗിച്ചുവെന്നാണ് വിജിലന്‍സ് കമ്‌ടെത്തിയത്. ഈ കാലയളവില്‍ വരവു ചെലവുകളുമായി ബന്ധപ്പെട്ട രേഖകളാണ് പ്രധാനമായും വിജിലന്‍സ് പരിശോധിച്ചത്.
കണ്ണൂരിലേയും കോഴിക്കോടേയും വീടുകള്‍ ഷാജിയുടെ ഭാര്യയുടെ പേരിലാണ്. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു കോഴ്‌സ് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയെത്തുടര്‍ന്നാണ് മുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഷാജിക്കെതിരെ കേസെടുത്തത്.