പാനൂരിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ കൊലപാതകത്തില്‍ സാംസ്‌കാരിക നായകരുടെ നിശബ്ദതയെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വേറെയൊരു എഴുത്തുകാരനുണ്ട്. ആടുജീവിതമെഴുതിയ ബെന്യാമിന്‍. ആടുജീവിതമെഴുതിയ ബെന്യാമിനിപ്പോള്‍ ജീവിച്ച് തീര്‍ക്കുന്നത് കഴുതയുടെ ജീവിതമാണ്. സിപിഎമ്മിന്റെ വിഴുപ്പ് ചുമക്കുന്ന കഴുതയുടെ ജീവിതം. ചോരയൊലിക്കുന്ന കത്തിയുമായി നടക്കുന്ന കാപാലികന്മാര്‍ക്ക് ഓശാന പാടുന്ന ഇവനെ ആരാണ് സാംസ്‌കാരിക നായകനെന്ന് വിളിക്കുന്നത്? കെആര്‍ മീര ആരാച്ചാര്‍ എന്ന സാഹിത്യ കൃതിയെഴുതിയ സാഹിത്യകാരിയാണെത്രെ. കെആര്‍ മീര എന്തിനാണ് കല്‍ക്കത്തയിലെ ആരാച്ചാരെ കുറിച്ചെഴുതുന്നത്? പാനൂരില്‍ ആരാച്ചാരില്ലേ? പിണറായി വിജയനെന്ന ആരാച്ചാരെ മീരക്കറിയുമോ? പി ജയരാജനെന്ന ആരാച്ചാരെ മീരക്കറിയുമോ?’ എന്നും കെഎം ഷാജി ചോദിച്ചു.
രാജ്യത്ത് കലാപങ്ങളുടെ സ്‌പോണ്‍സര്‍മാരായി ഒരു പാര്‍ട്ടി നിലനില്‍ക്കുന്നു എങ്കില്‍ അത് സിപിഎമ്മാണെന്നും അദ്ദേഹം പറഞ്ഞു. പാനൂര്‍ കേസില്‍ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നിയമപോരാട്ടം നടത്തുമെന്നും കെഎം ഷാജി പറഞ്ഞു. കൊല്ലാന്‍ വന്നവനെ മാത്രമല്ല കൊല്ലിച്ചവനേയും പിടികൂടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.