HomeIndiaഭൂമി പോഷണ യജ്ഞത്തിന് 13ന് തുടക്കം

ഭൂമി പോഷണ യജ്ഞത്തിന് 13ന് തുടക്കം

ഭൂമിയുടെ സമ്പുഷ്ടീകരണവും സംരക്ഷണവും ലക്ഷ്യമിട്ട് പത്തോളം സംഘടനകളുടെ ആഭിമുഖ്യത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മാസം 13ന് ദേശീയ തലത്തില്‍ ആരംഭമാകും. ഈമാസം 13 ഭൗമദിനത്തില്‍ രാജ്യമൊട്ടാകെ രാവിലെ 10 മണിക്ക് ഭൂമിപൂജയോടെയാണ് ഇതിന് തുടക്കമാകുന്നത്. കേരളത്തിലും ഈ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ തുടക്കമാകും.

സ്വദേശിജാഗരണ്‍ മഞ്ച്, വിശ്വഹിന്ദ് പരിഷത്, വനവാസി കല്യാണാശ്രമം, ഭാരതീയ കിസാന്‍സംഘ്, ആരോഗ്യഭാരതി, സഹകാര്‍ഭാരതി, സേവാഭാരതി, ഭാരതീയ വിദ്യാഭവന്‍, ബാലഗോകുലം, ക്ഷേത്രസംരക്ഷണ സമിതി തുടങ്ങിയ സംഘടനകളാണ് ‘ഭൂ സുപോഷണ അഭിയാന്‍'(ഭൂമി പോഷണ യജ്ഞം) എന്ന് പേരിട്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത്. വിവിധ സന്യാസീ മഠങ്ങള്‍, ട്രസ്റ്റുകള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങിയവയും പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.

ഏപ്രില്‍ 13 വര്‍ഷപ്രതിപദ മുതല്‍ ആഗസ്റ്റ് 24 ഗുരുപൂജ വരെയാണ് ഭൂ സുപോഷണ അഭിയാന്‍. കാര്‍ഷിക വൃത്തിയെ കുറിച്ച് ബോധവത്കരണം, ജൈവകൃഷിയുടെ പ്രാധാന്യം അറിയിക്കല്‍, ഗോ സേവ, കൃഷിസ്ഥലം ദാനം ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ഈ കാലയളവില്‍ നടത്തുന്നത്. മെയ്5 മുതല്‍ ജൂണ്‍5 വരെ ഒരുമാസക്കാലം കൃഷിസംബന്ധമായ സെമിനാറുകളും ചര്‍ച്ചകളും കൃഷി വളര്‍ത്താനുള്ള ബോധവത്കരണപ്രവര്‍ത്തനങ്ങളും രാജ്യമൊട്ടാകെ നടത്തും.
ഭാരതത്തിലെ കാര്‍ഷിക ചിന്തയേയും ഭൂമി സമ്പുഷ്ടീകരണത്തിനുള്ള ദൃഢനിശ്ചയത്തേയും പുനഃസ്ഥാപിക്കാനുള്ള ആദ്യത്തെ കാല്‍വയ്പ്പാണിത്.

മണ്ണോലിപ്പ് തടയുക, മണ്ണിനെ ഊര്‍വ്വരമാക്കാനുള്ള പദ്ധതികള്‍ നടപ്പിലാക്കുക, രാസവളങ്ങളും രാസ വസ്തുക്കളും രാസകീടനാശികളും ഉപയോഗിക്കാതിരിക്കുക, ജലസേചനത്തില്‍ ജലത്തിന്റെ ദുരുപയോഗം ഒഴിവാക്കുക, മരങ്ങള്‍ നടുക, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ ഭൂമിയെ സംരക്ഷിക്കുക എന്നതാണ് ഭൂമിപൂജാ ഉത്സവത്തിന്റെ പ്രധാന ലക്ഷ്യം.

ഇതോടനുബന്ധിച്ച് വിപുലമായ മുന്നൊരുക്കങ്ങളാണ് ഗ്രാമ-നഗര മേഖലകള്‍ കേന്ദ്രീകരിച്ച് നടക്കുന്നത്. കര്‍ഷകര്‍ കൃഷിഭൂമിയില്‍ നിന്നെടുത്ത ഒരുപിടി മണ്ണുമായി വേണം ഭൂമി പൂജയില്‍ പങ്കെടുക്കാന്‍. ഭൂമിയെ കേവലമൊരു സാമ്പത്തിക സ്രോതസ് മാത്രമായി കരുതി ചൂഷണം ചെയ്യുന്നതിലൂടെ ഭൂമിയുടെ അവസ്ഥ ആശങ്കാജനകമാണ്. ഈ സാഹചര്യത്തിലാണ് ഭൂമി സമ്പൂഷ്ടീകരണത്തിനും സംരക്ഷണത്തിനുമുള്ള ദേശീയജന മുന്നേറ്റം നടപ്പാക്കുന്നതിനാണ് വര്‍ഷപ്രതിപദ ദിനമായ ഏപ്രില്‍ 13ന് തുടക്കം കുറിക്കുന്നത്

Most Popular

Recent Comments