കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വന്തം പൗരന്മാര്‍ക്ക് അടക്കം ഇന്ത്യയില്‍ നിന്നുള്ള എല്ലാ യാത്രക്കാര്‍ക്കും താല്ക്കാലിക വിലക്കേര്‍പ്പെടുത്തി ന്യൂസിലാന്‍ഡ് ഭരണകൂടം. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓക്ലാന്‍ഡില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡെനാണ് ഇക്കാര്യം അറിയിച്ചത്.
ഏപ്രില്‍ 11 മുതല്‍ 28 വരെയാണ് നിയന്ത്രണം ഉണ്ടാവുകയെന്നും അവര്‍ അറിയിച്ചു. വ്യാഴാഴ്ച രാജ്യാതിര്‍ത്തിയില്‍ 23 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 17 എണ്ണവും ഇന്ത്യയില്‍ നിന്ന് എത്തിയവരിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി തീരുമാനിച്ചത്. 40 ദിവസമായി ഒരു കേസ് പോലും ന്യൂസിലാന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല.
അതിനിടെ, കോവിഡിന്റെ രണ്ടാം തരംഗം ഗുരുതരമാകുന്ന സാഹചര്യത്തില്‍ ഇന്ന് വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട സുപ്രധാനമായ തീരുമാനങ്ങള്‍ ഇന്നുണ്ടാകാനാണ് സാധ്യത. പ്രായഭേദമന്യേ വാക്‌സിന്‍ നല്‍കണമെന്നാണ് പ്രധാനമായ ആവശ്യം. സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന വാ്‌സിന്‍ വര്‍ധിപ്പിക്കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.