പരസ്യ പ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണം. അവസാന വോട്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലാകും സ്ഥാനാര്‍ത്ഥികളും മുന്നണികളും. തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണവും ഇന്ന് നടക്കും.
നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിക്കുമ്പോള്‍ മിക്ക മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടമായി മാറിയെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ വിലയിരുത്തല്‍. ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണായക ഘടകമാണ്. വോട്ടിങ് സ്ലിപ്പും അഭ്യര്‍ത്ഥനയുമായി അവസാനഘട്ട സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളിലുമായിരിക്കും നേതാക്കളും പ്രവര്‍ത്തകരും.
സംസ്ഥാനത്തെ നേതാക്കളടക്കമുള്ള മുഴുവന്‍ പ്രവര്‍ത്തകര്‍ തങ്ങളുടെ ബൂത്ത് പ്രദേശത്തെ വീടുകളില്‍ നേരിട്ടെത്തി വോട്ടഭ്യര്‍ത്ഥിക്കണമെന്ന നിര്‍ദ്ദേശം യുഡിഎഫ് നല്‍കി. പ്രകടന പത്രികയെക്കുറിച്ചും സര്‍ക്കാരിന്റെ ജനവിരുദ്ധ നയത്തെക്കുറിച്ചും സംവദിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ചിട്ടയായ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്ക് എല്‍ഡിഎഫും നേതൃത്വം നല്‍കിയിട്ടുണ്ട്.
പ്രധാന വ്യക്തികളെ കാണുക, വിവിധ വിഭാഗങ്ങളുടെ വോട്ട് ഉറപ്പുവരുത്തുക എന്നീ പ്രവര്‍ത്തനങ്ങളില്‍ സ്ഥാനാര്‍ത്ഥികളും സജീവമാകും. സംസ്ഥാനത്ത് പോളിങ് സാമഗ്രികകളുടെ വിതരണം നാളെ രാവിലെ 8 മണി മുതല്‍ ആരംഭിക്കും. കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റിങ് യൂണിറ്റ്, വിവി പാറ്റ്, വോട്ടേഴ്‌സ് സ്ലിപ്, സ്റ്റേഷനറി സാമഗ്രികള്‍ എന്നീ വോട്ടിങ് കേന്ദ്രത്തിലേക്ക് ആവശ്യമായ എല്ലാ വസ്തുക്കളും വിതരണം ചെയ്യും. കൊവിഡ് പ്രോട്ടോക്കോള്‍, ഹരിത പെരുമാറ്റച്ചട്ടം എന്നിവ കര്‍ശനമായി പാലിച്ചുകൊണ്ടാകും സാമഗ്രികളുടെ വിതരണം നടക്കുക.