കേരളത്തില്‍ ലവ് ജിഹാദില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ബിജെപിക്ക് എത്ര ലവ് ജിഹാദ് കേസുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും തരൂര്‍ ചോദിച്ചു. ഇത് വര്‍ഗീയതക്ക് വേണ്ടിയുള്ള പ്രചാരണം മാത്രമാണ്. ഈ വിഷയത്തില്‍ മലയാളികള്‍ വീണുപോകാന്‍ പാടില്ല. വര്‍ഗീയമായി നാടിനെ വിഭജിക്കുന്ന പ്രചാരണ തന്ത്രമാണിത്. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വര്‍ഗീയ പ്രചാരണത്തെ തള്ളിക്കളയുകയാണ് ചെയ്യേണ്ടതെന്നും തരൂര്‍ ആവശ്യപ്പെട്ടു.
ലവ് ജിഹാദിനെതിരെ നിയമനിര്‍മാണം നടത്താനോ നടപടി എടുക്കാനോ കേരള സര്‍ക്കാര്‍ തയ്യാറായില്ലെന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുമ്പ് പറഞ്ഞിരുന്നു. കേരളത്തില്‍ ലവ് ജിഹാദ് സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും യോഗി ആദിത്യനാഥ് ആരോപിക്കുകയുണ്ടായി. അടൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കു വേണ്ടിയുള്ള റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗിയുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു
തരൂര്‍.
തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം എന്ന നിലക്ക് കുറച്ച് മാത്രമേ സമയം ലഭിച്ചിട്ടുള്ളൂവെന്നും തരൂര്‍ വ്യക്തമാക്കി. പ്രകടന പത്രികയിലെ കാര്യങ്ങള്‍ ചില ഭാഗത്ത് എത്തി, ചിലയിടങ്ങളില്‍ എത്തിയില്ല. ദേശീയ തലത്തില്‍ ശത്രു ബിജെപിയാണ്. കേരളത്തില്‍ പ്രധാന എതിരാളി എല്‍ഡിഎഫ് തന്നെയാണ്. ആറോളം സ്ഥലങ്ങളില്‍ ബിജെപി ശക്തമായ മത്സരം കാണിക്കുന്നുണ്ടാകാം. എന്നാലും അത് കാര്യമാക്കുന്നില്ലെന്നും നേമത്ത് ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നതെന്നും തരൂര്‍ വ്യക്തമാക്കി. നേമം തിരിച്ച് പിടിക്കാനാണ് മുതിര്‍ന്ന നേതാവിനെ തന്നെ കോണ്‍ഗ്രസ് നിര്‍ത്തിയതെന്നും ശശി തരൂര്‍ വെളിപ്പെടുത്തി.
പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്ന നടപടി ഇതിനിടയില്‍ നടന്നിട്ടുണ്ട്. ഗള്‍ഫ് അടക്കമുള്ള രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഇന്ത്യയില്‍ നികുതി നല്‍കണമെന്ന വ്യവസ്ഥയുള്ള ബില്‍ ആണ് ഇതിനിടക്ക് കേന്ദ്രം പാസാക്കിയത്. കേന്ദ്രം ചെയ്യുന്നത് ചതിയാണെന്നും തരൂര്‍ ആരോപിച്ചു.