ഇരട്ട വോട്ടിനെതിരായ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0

ഇരട്ട വോട്ടിനെതിരായ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും. ഒരാള്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് വരുത്തണമെന്ന് കഴിഞ്ഞ ദിവസം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

ആവശ്യമായ നടപടികള്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്നാണ് ചീഫ് ജസ്റ്റിസ് അടക്കമുള്ള ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചിരുന്നത്. ഇരട്ട വോട്ട് വിഷയത്തില്‍ നിലവില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് സമര്‍പ്പിക്കാന്‍ സാധ്യതയുണ്ട്. സംസ്ഥാനത്താകെ നാലര ലക്ഷത്തിലധികം ഇരട്ട വോട്ടുകളോ വ്യാജ വോട്ടുകളോ ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടുകയും പിന്നീട് ഹര്‍ജി സമര്‍പ്പിക്കുകയുമായിരുന്നു. ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണമെന്നാണ് ഹര്‍ജിയില്‍ രമേശ് ചെന്നിത്തല ഉന്നിയിച്ചിരുന്ന ആവശ്യം.