സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ഗിവണ്‍ ചരക്ക് കപ്പല്‍ നീങ്ങി തുടങ്ങി

0

ഈജിപ്തിലെ സൂയസ് കനാലില്‍ കുടുങ്ങിയ എവര്‍ഗിവണ്‍ ചരക്ക് കപ്പല്‍ നീങ്ങി തുടങ്ങി. ആറ് ദിവസത്തെ അശ്രാന്ത പരിശ്രമങ്ങള്‍ക്കൊടുവിലാണ് കപ്പലിനെ നീക്കാനുള്ള ശ്രമം ഫലം കണ്ടത്.

കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയായിരുന്നു ലോകത്തിലെ തന്നെ ഏറ്റവും വലിയ ചരക്ക് കണ്ടെയ്‌നര്‍ കപ്പലുകളിലൊന്നായ എവര്‍ ഗിവണ്‍ സൂയസ് കനാലില്‍ കുടുങ്ങിപ്പോയത്. ശേഷം കപ്പലിനെ നീക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. ടഗ് ബോട്ടുകള്‍ ഉപയോഗിച്ച് കപ്പലിനെ നീക്കാനുള്ള ശ്രമങ്ങളാണ് നടന്നിരുന്നത്. എവര്‍ ഗിവണ്‍ നീങ്ങിത്തുടങ്ങിയതോടെ സൂയസ് കനാലിലൂടെയുള്ള കപ്പല്‍ ഗതാഗതം പുനഃരാരംഭിച്ചു.

പെട്ടെന്നുണ്ടായ കാറ്റില്‍ അകപ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് എവര്‍ ഗിവണ്‍ ചരക്ക് കപ്പല്‍ കനാലില്‍ കുടുങ്ങിയത്. ചൈനയില്‍ നിന്ന് നെതര്‍ലാന്‍ഡിലെ റോട്ടര്‍ഡാമിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. എവര്‍ ഗിവണ്‍ കുടുങ്ങിയതോടു കൂടി ലോകത്ത് പല സ്ഥലങ്ങളിലേക്കുമുള്ള ചരക്ക് നീക്കം സ്തംഭിച്ചിരുന്നു. 450 ഓളം കപ്പലുകളുടെ യാത്രയാണ് തടസപ്പെട്ടത്.