കേന്ദ്ര അന്വേഷണ ഏജന്‍സികളെ കുടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ കുതന്ത്രം പൊളിയുന്നു. സ്വപ്നയെ ഭീഷണിപ്പെടുത്തി സര്‍ക്കാരിനെതിരെ മൊഴി നല്‍കാന്‍ പ്രേരിപ്പിച്ചു എന്ന വാദത്തിനാണ് തിരിച്ചടിയാവുന്നത്.
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് മേല്‍ ഇഡി ഉദ്യാഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് സിപിഎം അനുകൂല വനിതാ പൊലീസുകാരുടെ മൊഴി. എന്നാല്‍ വനിതാ പൊലീസുകാര്‍ ആരോപിക്കുന്ന ദിവസങ്ങളില്‍ അവരുടെ അസാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്തത് എന്ന് കോടതി രേഖ പറയുന്നു.
വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ അല്ല തന്റെ കക്ഷിയെ ചോദ്യം ചെയ്യുന്നത് എന്ന് സ്വപ്‌നയുടെ അഭിഭാഷകന്‍ പരാതിയായി ഉന്നയിച്ചിരുന്നു. ഇത് കോടതി രേഖയില്‍ ഉണ്ട്. ഇതേ തുടര്‍ന്ന് വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വേണം ചോദ്യം ചെയ്യല്‍ എന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കി. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ഈ രേഖയാണ് സര്‍ക്കാരിൻ്റേയും വനിതാ പൊലീസുകാരുടേയും നുണകളെ പൊളിക്കുന്നത്.
സിപിഎം അനുകൂല പൊലീസുകാരായ സിജി വിജയനും റെജിമോളുമാണ് ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് കേട്ടതായി മൊഴി നല്‍കിയത്. 2020 ആഗസ്റ്റ് 12, 13 തിയതികളില്‍ ഇഡി ഓഫീസിലാണ് സംഭവമെന്നും അവര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.
എന്നാല്‍ ആഗസ്റ്റ് 12, 13 തിയതികള്‍ക്ക് ശേഷമാണ് സ്വപ്‌നയുടെ കസ്റ്റഡി നീട്ടി കിട്ടുന്നതിന് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വാദം നടന്നത്. ഇതിലാണ് വനിതാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാത്തത് പരാതിയായി സ്വപ്‌നയുടെ അഭിഭാഷകന്‍ ഉന്നയിച്ചത്. തുടര്‍ന്നാണ് വനിതാ ഉദ്യോഗസ്ഥയുടെ സാന്നിധ്യം ഉറപ്പാക്കണം എന്ന് കോടതി നിര്‍ദേശം നല്‍കിയത്.