ഇക്കുറി തൃശൂര്‍ അസംബ്ലി മണ്ഡലത്തില്‍ തങ്ങള്‍ വന്‍ വിജയം നേടുമെന്ന ശുഭ പ്രതീക്ഷയിലാണ് യുഡിഎഫ്. കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം പത്മജയിലൂടെ വീണ്ടെടുക്കും എന്ന ഉറപ്പോടെയാണ് യുഡിഎഫ് പ്രവര്‍ത്തനം.
ജനങ്ങളെ പേരെടുത്ത് വിളിക്കാവുന്ന ബന്ധമുണ്ട് പത്മജ വേണുഗോപാലിന്. അതുതന്നെയാണ് തൻ്റെ ശക്തിയെന്നും അവര്‍ പറയുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷവും മണ്ഡലത്തില്‍ തന്നെയായിരുന്നു. ജനങ്ങളുടെ ഓരോ പ്രശ്നത്തിലും കൂടെയുണ്ടായിരുന്നു. ഇനിയും കൂടെയുണ്ടാകും. പത്മജ പറയുമ്പോള്‍ ശരിവെക്കുകയാണ് നാട്ടുകാരും. അതുകൊണ്ട് തന്നെ ഒരോ ഇടവഴിയും ഒരോ മുക്കും മൂലയും പത്മജക്ക് കാണാപാഠം.
തിരഞ്ഞെടുപ്പ് പര്യടനത്തിന് നേതാക്കള്‍ കൊണ്ടുപോകുമ്പോള്‍ അവരേക്കാള്‍ പരിചിതമാണ് ഓരോ പ്രദേശവും. ഒരു പിടി വികസന സ്വപ്‌നങ്ങള്‍ ഉണ്ടെന്നും ജനങ്ങള്‍ അവസരം നല്‍കിയാല്‍ അത് സാക്ഷാത്ക്കരിക്കുമെന്നും പത്മജ പറയുന്നു. ലീഡറിൻ്റെ മകള്‍ വെറും വാക്ക് പറയില്ലെന്ന് പ്രതിപക്ഷ നേതാവും വി എം സുധീരനും ഉറപ്പ് നല്‍കുന്നു.
സുരേഷ് ഗോപിയുടെ രംഗപ്രവേശനം എങ്ങനെ ബാധിക്കും എന്ന ആശങ്കയിലാണ് എല്‍ഡിഎഫും സ്ഥാനാര്‍ഥി പി ബാലചന്ദ്രനും. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ അസംബ്ലി മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തായിരുന്നു സുരേഷ് ഗോപി. എല്‍ഡിഎഫിൻ്റെ വോട്ടില്‍ വലിയ ചേര്‍ച്ചയാണ് ഉണ്ടായത്. ഇക്കുറിയും എന്‍ഡിഎ സ്ഥാനാര്‍ഥി തങ്ങളുടെ വോട്ട് ചോര്‍ത്തുമോ എന്ന് ആശങ്കയുണ്ട് എല്‍ഡിഎഫിന്. ലോക്‌സഭ തിരഞ്ഞെടുപ്പ് പോലെ മൂന്നാം സ്ഥാനത്താകുമോ എന്നതും വലിയ ചോദ്യമാണ്.
വൈകി എത്തിയ സ്ഥാനാര്‍ഥി എന്ന പേരാണ് മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ മുഴുവന്‍ തിരിഞ്ഞുകൊത്തുന്നു എന്നതും വലിയ പ്രശ്‌നമാണ്. വല്ലപ്പോഴും മാത്രം വരുന്നയാള്‍ എന്ന വിശേഷണം മാറ്റിയെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍. വോട്ടര്‍മാരുടെ വിശ്വാസം എങ്ങനെ നേടി എങ്ങനെയും സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള തന്ത്രം മെനയുകയാണ് അവര്‍.