കിറ്റ് വിതരണ വിവാദം; ചെന്നിത്തലയെ പിന്തുണച്ച് സുരേഷ് ഗോപി

0

കിറ്റ് വിതരണ വിവാദത്തില്‍ പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് സുരേഷ് ഗോപി. രമേശ് ചെന്നിത്തല നടത്തിയ ഇടപെടല്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്തമാണെന്നും സുരേഷ് ഗോപി വെളിപ്പെടുത്തി. സ്പ്രിംഗ്ലറിലും ചെന്നിത്തല മികച്ച ഇടപെടലാണ് നടത്തിയത്. ഭക്ഷ്യ കിറ്റ് തട്ടിപ്പാണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത് കടകംപള്ളി സുരേന്ദ്രനാണ്. ആചാര സംരക്ഷണം കളങ്കപ്പെടുത്താതിരിക്കുക എന്നതാണ് ബിജെപി എടുത്തിട്ടുള്ള നിലപാടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

ഒരു പ്രതിപക്ഷ നേതാവെന്ന നിലക്ക് രമേശ് ചെന്നിത്തല തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുകയാണ് ചെയ്തത്. സ്പ്രിംഗ്ലര്‍ കൊടിയ തട്ടിപ്പായിരുന്നുവെന്നും സുരേഷ് ഗോപി കുറ്റപ്പെടുത്തി.

എന്നാല്‍ കിറ്റ് വിവാദത്തില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. കിറ്റ് വിതരണത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം നടന്നത്. ജനങ്ങള്‍ക്ക് കിറ്റ് കൊടുക്കുക എന്നത് മേന്മയല്ല എന്നും മറിച്ച് കടമയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനു തെറ്റായ പരാതി നല്‍കുക വഴി അന്നം മുടക്കാന്‍ പ്രതിപക്ഷ നേതാവ് ശ്രമിക്കുകയാണെന്നും പ്രതിപക്ഷ പ്രതികാര പക്ഷമാകരുതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.