വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ നടക്കുന്ന സംഘര്‍ഷത്തില്‍ മരണം അഞ്ചായി. ഒരു പൊലീസുകാരനും നാല് നാട്ടുകാരുമാണ് മരിച്ചത്. 105ല്‍ അധികം പേര്‍ക്ക് പരിക്കുണ്ട്. ഇവരില്‍ എട്ടുപേരുടെ നില ഗുരുതരമാണ്.
ഇതിനിടെ പൊലീസിനു നേരെ വെടിവെച്ച യുവാവ് അറസ്റ്റിലായിട്ടുണ്ട്. ജാഫ്രാബാദ് സ്വദേശി ഷാരൂഖ് ആണ് അറസ്റ്റിലായത്. സംഘര്‍ഷ മേഖലകളില്‍ നിരോധനാജ്ഞ തുടരുകയാണ്. കൂടുതല്‍ സേനകള്‍ സ്ഥലത്ത് എത്തുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. പരീക്ഷകളും മാറ്റിവെച്ചു.
പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലും യോഗം നടക്കും.
അമേരിക്കന്‍ പ്രസിഡണ്ടിന്റെ സന്ദര്‍ശന സമയത്ത് മനപൂര്‍വം സമരക്കാര്‍ പ്രശ്‌നമുണ്ടാക്കുകയാണെന്നാണ് ബിജെപി കരുതുന്നത്. പ്രശ്‌നം ലോക മാധ്യമങ്ങളില്‍ വരുത്താനും കേന്ദ്രസര്‍ക്കാരിനേയും മോദിയേയും അവമതിപ്പടുത്താനും ആണ് ചിലര്‍ ശ്രമിക്കുന്നത്. കൂടാതെ കൂടുതല്‍ റോഡുകളിലേക്ക് വ്യാപിക്കുന്ന ഷഹീന്‍ബാഗ് മോഡല്‍ ഉപരോധം മൂലം ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള അതൃപ്തിയും അക്രമം പടരാന്‍ ഇടയാക്കി. എന്നാല്‍ അക്രമത്തിന് ആഹ്വാനം ചെയ്ത ബിജെപി നേതാവ് കപില്‍ മിശ്രക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ജാമിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കി.