ഘടക കക്ഷികളുമായി കോൺഗ്രസ് നേതാക്കൾ നടത്തിയ സീറ്റ് വിഭജന ചർച്ച ഇന്നും വിജയിച്ചില്ല. ജോസഫ് ഗ്രൂപ്പ്, മാണി സി കാപ്പന്‍ വിഭാഗം എന്നിവരുമായാണ് ഇന്ന് ചർച്ച നടന്നത്. യുഡിഎഫിലെ സീറ്റ് വിഭജന ചർച്ച നാളെയും തുടരുമെന്ന് നേതാക്കൾ പറഞ്ഞു.
ജോസഫ് ഗ്രൂപ്പുമായി രണ്ട് തവണ കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. 12 സീറ്റ് വേണമെന്നാണ് ജോസഫ് വിഭാഗത്തിൻ്റെ ആവശ്യം. എന്നാല്‍ 9 സീറ്റ് നല്‍കാനേ നിവൃത്തിയുള്ളൂവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് മത്സരിച്ച 15 സീറ്റില്‍ പാലാ, ആലത്തൂര്‍, തളിപ്പറമ്പ് സീറ്റുകള്‍ വേണ്ടെന്ന് ജോസഫ് ഗ്രൂപ്പ് കോണ്‍ഗ്രസ് നേതാക്കളോട് അറിയിച്ചു. ശേഷിക്കുന്ന പന്ത്രണ്ട് സീറ്റില്‍ രണ്ടെണ്ണം വെച്ചുമാറാം. മൂവാറ്റുപുഴ, തിരുവമ്പാടി സീറ്റുകള്‍ നല്‍കണം. കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും ജോസഫ് ഗ്രൂപ്പിന് ലഭിക്കില്ല. ജില്ലയിലെ മറ്റ് സീറ്റുകള്‍ക്കൊപ്പം ഇവയിലൊന്നേ നല്‍കാന്‍ കഴിയൂവെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിച്ചു.
ചങ്ങനാശ്ശേരിയും മൂവാറ്റുപുഴയും വെച്ചുമാറാമെന്ന നിര്‍ദ്ദേശവും ചര്‍ച്ചയിലുയര്‍ന്നിട്ടുണ്ട്. എല്‍ഡിഎഫില്‍ ജോസ് കെ മാണിക്ക് ഒമ്പതിലധികം സീറ്റ് കിട്ടിയാലോ എന്നുള്ള സംശയവും 9 സീറ്റെന്ന കോണ്‍ഗ്രസ് വാഗ്ദാനം നിരസിക്കാന്‍ ജോസഫ് ഗ്രൂപ്പിനെ പ്രേരിപ്പിക്കുന്നു. ഇതേ തുടര്‍ന്ന് ചര്‍ച്ച തുടരുമെന്ന് ജോസഫ് വിഭാഗം നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
മാണി സി കാപ്പനുമായുള്ള കൂടിക്കാഴ്ചയും എങ്ങുമെത്തിയില്ല. മൂന്ന് സീറ്റ് വേണമെന്നാണ് കാപ്പന്‍ പറയുന്നത്. എന്നാല്‍ പാലാ മാത്രം നല്‍കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ച് ബുധനാഴ്ച സീറ്റ് വിഭജനം പ്രഖ്യാപിക്കുക എന്നതാണ് കോണ്‍ഗ്രസിൻ്റെ ലക്ഷ്യം.