കര്‍ണാടക അയഞ്ഞു, ജനരോഷം ഫലം കണ്ടു

0

കേരള അതിര്‍ത്തിയില്‍ കര്‍ണാടകം ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചു. കേരളത്തിലെ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണമാണ് കര്‍ണാടക തല്‍ക്കാലത്തേക്ക് പിന്‍വലിച്ചത്.

കേരളത്തില്‍ നിന്നുള്ളവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം എന്നായിരുന്നു കര്‍ണാടകയുടെ നിലപാട്. ഇതിലാണ് ഇപ്പോള്‍ ഇളവ് നല്‍കിയത്. രണ്ടു ദിവസത്തേക്കാണ് ഇളവ് നല്‍കിയത്. അതുവകെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല.

എന്നാല്‍ തലപ്പാടി ദേശീയ പാത ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളിലെല്ലാ ആന്റിജന്‍ ടെസ്റ്റിനുള്ള സൗകര്യം കര്‍ണാടക ഏര്‍പ്പെടുത്തും. ഇവിടെ സാമ്പിള്‍ ശേഖരിച്ച ശേഷമാകും അതിര്‍ത്തി കടക്കാന്‍ അനുവദിക്കുക. വിദ്യാര്‍ഥികളുടെ സാമ്പിളുകള്‍ കോളേജുകളില്‍ ശേഖരിക്കും.

വീണ്ടും അതിര്‍ത്തി അടച്ച കാര്‍ണാടക സര്‍ക്കാര്‍ നടപടിക്കെതിരെ അതിരൂക്ഷമായ പ്രതിഷേധമാണ് കാസര്‍കോട് അതിര്‍ത്തികളില്‍ ഉണ്ടായത്. ഇതോടെ കേരള ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപെട്ടു. അതിന് ശേഷമാണ് കര്‍ണാടക നിലപാട് മാറ്റിയത്.