എം ബി രാജേഷിൻ്റെ ഭാര്യയുടെ നിയമനം റദ്ദ് ചെയ്യണം : യുവമോർച്ച

0
മാനദണ്ഡങ്ങൾ മറികടന്ന് നടത്തിയ സംസ്കൃത സർവകലാശാലയിലെ നിയമനം റദ്ദ് ചെയ്യണമെന്ന് യുവമോർച്ച സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വൈസ് ചെയർമാൻ ധർമ്മരാജ് അഡാട്ട് സിപിഎം ന് വിടുപണി ചെയ്യുകയാണ്.
മെറിറ്റ് ഇല്ലാഞ്ഞിട്ടും റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് അർഹരെ തഴഞ്ഞ് പാർട്ടി നോക്കി നിയമനം നൽകിയത് അങ്ങേയറ്റത്തെ നെറികേടാണ്. കേരളത്തിലെ സർവകലാശാലകളെ സി പി എം രാഷ്ട്രീയവൽക്കരിക്കുന്നതിൻ്റെ തെളിവാണ് ഇത്തരം നിയമനങ്ങൾ. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളും ഇതിൻ്റെ ഭാഗമായാണ്. ഇടതുപക്ഷ നേതാക്കളുടെ ഭാര്യമാരുടെ നിയമനങ്ങളിൽ കാണിക്കുന്ന ശുഷ്കാന്തിയുടെ പകുതിയെങ്കിലും സാധാരണ പി എസ് സി ഉദ്യോഗാർത്ഥികളുടെ കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ കാരക്കോണത്തെ അനുവിനെപ്പോലുള്ളവർക്ക് ആത്മഹത്യ ചെയ്യേണ്ടി വരില്ലായിരുന്നു.
മതവും ജാതിയുമില്ലാ എന്ന് പ്രഖ്യാപിച്ച എം ബി രാജേഷ് ഭാര്യയ്ക്ക് മതത്തിൻ്റെ ആനുകൂല്യത്തിൽ ജോലി തരപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ ആരോപിച്ചു. വരും ദിവസങ്ങളിൽ നിയമന ക്രമക്കേടുകൾക്കെതിരെ സംസ്ഥാന വ്യാപകമായി യുവമോർച്ച പ്രതിഷേധങ്ങൾ സംഘടിപ്പിക്കും