വിവാദ ജഡ്ജി പുഷ്പ ഗനേഡിവാലയുടെ നിയമന കാലാവധി വെട്ടിച്ചുരുക്കി

0

ബോംബെ ഹൈക്കോടതി ജഡ്ജി പുഷ്പ ഗനേഡിവാലയുടെ നിയമന കാലാവധി വെട്ടിച്ചുരുക്കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവ്. വിവാദ വിധികളിലൂടെ അടുത്തിടെയാണ് ഇവര്‍ കുപ്രസിദ്ധിയാര്‍ജിച്ചത്. ലൈംഗിക അതിക്രമ കേസുകളിലെ പ്രതികള്‍ക്ക് അനുകൂലമായ തരത്തിലുള്ള വിവാദ വിധികളാണ് ഇവര്‍ പുറപ്പെടുവിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് വിവാദങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അവര്‍ക്ക് സ്ഥിര നിയമനം നല്‍കാനുള്ള ശുപാര്‍ശ റദ്ദാക്കാന്‍ കൊളീജിയം തീരുമാനിച്ചത്.

നിലവില്‍ അഡീഷണല്‍ ജഡ്ജിയായി സേവനം അനുഷ്ഠിക്കുന്ന ഇവരെ സ്ഥിരം ജഡ്ജിയായി നിയമിക്കണമെന്ന് നേരത്തെ സുപ്രീം കോടതി ശുപാര്‍ശ ചെയ്തിരുന്നു. പിന്നീട് നടന്ന വിവാദ വിധികളുടെ പശ്ചാത്തലത്തിലാണ് കൊളീജിയം ശുപാര്‍ശ പിന്‍വലിച്ചത്. ഫെബ്രുവരി 13ന് നിയമന കാലാവധി അവസാനിച്ച ജസ്റ്റിസ് പുഷ്പ ഗനേഡിവാലക്ക് ഒരു വര്‍ഷത്തേക്ക് മാത്രമാണ് അഡീഷണല്‍ ജഡ്ജിയായി നിയമനം നല്‍കിയിട്ടുള്ളത്. സ്ഥിര ജഡ്ജിയായി സ്ഥാനക്കയറ്റം നല്‍കുന്നതിന് മുന്നേ രണ്ട് വര്‍ഷം അഡീഷണല്‍ ജഡ്ജിയായി നിയമിക്കുന്നതാണ് സാധാരണ പതിവ്.

കഴിഞ്ഞ മാസം ഹിയറിങ് നടന്ന പോക്‌സോ കേസുകളിലാണ് പുഷ്പ വിചിത്രമായ ഉത്തരവുകളിറക്കി വിവാദങ്ങളില്‍ ഇടംപിടിച്ചത്. 12 വയസ് പ്രായമുള്ള കുട്ടിയുടെ വസ്ത്രം നീക്കാതെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്‌സോ വകുപ്പ് പ്രകാരം ലൈംഗികാതിക്രമത്തിന്റെ കീഴില്‍ വരില്ലെന്ന ഗനേഡിവാലയുടെ വിധിയിലൂടെ പ്രതി കുറ്റവിമുക്തനായിരുന്നു. ഈ വിധി പിന്നീട് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. പെണ്‍കുട്ടിയുടെ കൈകളില്‍ പിടിച്ച് പ്രതിയുടെ പാന്റിന്റെ സിബ് തുറക്കുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗികാതിക്രമമായി കണക്കാക്കാന്‍ പറ്റില്ലെന്ന വിധിയും ഇവരുടേതാണ്.