എല്‍ഡിഎഫില്‍ നിന്നും യുഡിഎഫിലേക്ക് മാറുകയാണെന്ന മാണി സി കാപ്പന്റെ പ്രഖ്യാപനം അദ്ദേഹത്തെ എംഎല്‍എ ആക്കിയ ജനങ്ങളോട് കാണിച്ച നീതികേടാണെന്ന് എന്‍സിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രന്‍. എല്‍ഡിഎഫില്‍ നിന്നും വിട്ടുപോകേണ്ട സാഹചര്യങ്ങള്‍ നിലവില്‍ ഉണ്ടായിട്ടില്ല. ദേശീയ നേതൃത്വത്തിന്റെ അന്തിമ തീരുമാനും വരാനിരിക്കെ കാപ്പനെടുത്ത തീരുമാനം ഉചിതമല്ലെന്നും ശശീന്ദ്രന്‍ ചൂണ്ടിക്കാട്ടി.
തന്നോട് സംസാരിക്കാതെ ദേശീയ നേതൃത്വം രാഷ്ട്രീയ തീരുമാനം എടുക്കില്ല. കാപ്പന്‍ നേരത്തെ യുഡിഎഫുമായി ധാരണ ഉണ്ടാക്കിയെന്ന് ഇപ്പോഴത്തെ നടപടിയില്‍ നിന്നും വ്യക്തമാകുന്നുവെന്ന് വേണം പറയാനെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കൂടെ ജനമുണ്ടെന്ന അവകാശ വാദം കാണാന്‍ പോകുന്ന പൂരമാണ്. ഇക്കാര്യം പ്രസിഡന്റുമാരോട് അന്വേഷിച്ചാല്‍ അറിയാന്‍ കഴിയും. എന്‍സിപിയിലെ ചില ജില്ലാ കമ്മിറ്റികള്‍ ഒഴികെ എല്ലാവരും എല്‍ഡിഎഫിനൊപ്പമാണ്. ഇത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിശോധിക്കാവുന്നതാണ്. ഒരാള്‍ പോയാലും പാര്‍ട്ടിക്ക് ക്ഷീണമാണ്. പിളരുന്തോറും വളരും എന്ന് പറഞ്ഞത് കെഎം മാണി മാത്രമാണെന്നും കാപ്പന്‍ പാര്‍ട്ടി വിട്ടത് വേദന ഉണ്ടാക്കുന്ന കാര്യമാണെന്നും മന്ത്രി അറിയിച്ചു.
പാല വിട്ടുനല്‍കില്ലെന്ന് മുന്നണിയില്‍ ഔദ്യോഗികമായോ അനൗദ്യോഗികമായോ ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല. കാപ്പന് ക്ഷമ വേണമായിരുന്നു. ദേശീയ നേതൃത്വത്തിന്റെ തീരുമാനം വരാന്‍ പോലും കാത്തിരുന്നില്ല. പാലാ സീറ്റില്‍ എല്‍ഡിഎഫിന്റെ അന്തിമ തീരുമാനത്തേയും കാത്തിരുന്നില്ല. കാപ്പന്‍ കാണിച്ചത് പാര്‍ട്ടി അച്ചടക്കത്തിനെതിരെയാണെന്നും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് മുന്നോട്ട് പോകുകയാണ് കാപ്പന്‍ ചെയ്തതെന്നും മന്ത്രി പ്രതികരിച്ചു. അദ്ദേഹത്തെ ജയിപ്പിച്ച പ്രവര്‍ത്തകരെ വഞ്ചിക്കുക വഴി ഒരു നല്ല പ്രവര്‍ത്തകന്റെ പ്രവൃത്തിയായി ഇതിനെ കാണാന്‍ കഴിയില്ലെന്നും അതൊരു നല്ല രാഷ്ട്രീയ തീരുമാനമല്ലെന്നും ശശീന്ദ്രന്‍ കുറ്റപ്പെടുത്തി.