പിണറായി സർക്കാർ നേമത്തിൻ്റെ വികസനം അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ. ബിജെപി എംഎൽഎയായതു കൊണ്ടാണ് ഇടതുസർക്കാർ നേമത്തിനെ അവഗണിക്കുന്നത്. വികസന പ്രവർത്തനങ്ങൾക്ക് തുരങ്കംവെക്കുന്ന പിണറായി സർക്കാരിനെതിരെ തിരുമല പുത്തൻകടയിൽ ഒ രാജഗോപാൽ എംഎൽഎയുടെ സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസന കാര്യത്തിൽ കേന്ദ്രസർക്കാരും കേരള സർക്കാരിനെ പോലെ നിലപാട് എടുത്തെങ്കിൽ എന്താവും അവസ്ഥയെന്ന് പിണറായി ആലോചിക്കണം. കേരളത്തിന് വേണ്ടി ഏറ്റവും കൂടുതൽ സഹായം ചെയ്യുന്നത് മോദി സർക്കാരാണ്. രാഷ്ട്രീയം നോക്കിയാണ് ബിജെപി പെരുമാറിയതെങ്കിൽ കേരളത്തിന് ദേശീയപാത വികസനത്തിന് 65,000 കോടി രൂപ കേന്ദ്രം അനുവദിക്കില്ലായിരുന്നു. കേന്ദ്രത്തിൻ്റെ സഹായത്തെ പറ്റി പിണറായിക്കും സുധാകരനും വരെ സമ്മതിക്കേണ്ടി വന്നു. വികസന കാര്യത്തിൽ ബി.ജെ.പി രാഷ്ട്രീയം നോക്കാറില്ല.
അഞ്ചുവർഷകാലം ഒ രാജഗോപാൽ നടപ്പിലാക്കിയ വികസന കാര്യങ്ങൾ മുൻനിർത്തിയാണ് ബിജെപി നേമത്ത് തിരഞ്ഞെടുപ്പ് നേരിടുന്നത്. ധൈര്യമുണ്ടെങ്കിൽ ഇടതു-വലത് മുന്നണികൾ ബി.ജെ.പിക്കെതിരെ ഒരുമിച്ച് മത്സരിക്കണം.
കേന്ദ്രപദ്ധതികൾ നടപ്പാക്കുന്ന പോസ്റ്റുമാൻ്റെ ജോലി മാത്രമാണ് സംസ്ഥാന സർക്കാരിന്. വിദേശത്ത് പോയി കൂടുതൽ പലിശയ്ക്ക് പണം വാങ്ങി അത് കൊള്ളയടിച്ച് ജനങ്ങളെ ജാമ്യം വെക്കുകയാണ് സംസ്ഥാന സർക്കാർ. അതുകൊണ്ടാണ് സിഎജിക്കെതിരെ പ്രമേയം പാസാക്കേണ്ടി വരുന്നത്. സംസ്ഥാന സർക്കാർ വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്നത് കൊണ്ടാണ് ശിവൻകുട്ടിക്ക് വർഗീയത ഇളക്കി വിടേണ്ടി വരുന്നത്. വോട്ടർമാർ ഇടുങ്ങിയ മനസുള്ളവരാണെന്ന് ശിവൻകുട്ടി വിചാരിക്കരുത്.
എത്രമലക്കം മറഞ്ഞിട്ടും കാര്യമില്ല ശബരിമലയോട് ചെയ്ത പാപത്തിൻ്റെ കറയിൽ നിന്നും സിപിഎമ്മിന് മോചിതരാകാനാവില്ല. കേരളത്തിലെ വിശ്വാസി സമൂഹം ഒന്നും മറക്കില്ല. ദേവസ്വംബോർഡുകളുടെ കൊള്ള അവസാനിപ്പിക്കാൻ രാഷ്ട്രീയ മുക്തമാക്കുമെന്ന് പറയാൻ ഇരുമുന്നണികൾക്കും ധൈര്യമുണ്ടോ? ശബരിമലയിൽ ആക്രിസാധനങ്ങൾ കടത്തുന്നതിൻ്റെ മറവിൽ ഭണ്ഡാരം പോലും അടിച്ചുമാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. ദേവസ്വത്തിൻ്റെ ആയിരക്കണക്കിന് ഏക്കർ ഭൂമി തിരിച്ചുപിടിക്കണം. രാഷ്ട്രീയക്കാർ മുഖേനയാണ് ക്ഷേത്രങ്ങളുടെ ഭൂമി തട്ടിയെടുത്തത്. ഇത് തിരിച്ചുപിടിക്കാൻ ബി.ജെ.പി പ്രതിഞ്ജാബന്ധമാണ്. ക്ഷേത്രങ്ങൾക്ക് കേന്ദ്രസർക്കാർ കൊടുത്ത പണം എവിടെ ചെലവഴിച്ചുവെന്ന് സർക്കാർ വ്യക്തമാക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് പാപ്പനംകോട് സജി അദ്ധ്യക്ഷത വഹിച്ചു. ഒ.രാജഗോപാൽ എം.എൽ.എ, സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടി എന്നിവർ സംസാരിച്ചു.